കാലടി: കാഞ്ഞൂർ കടുവേലിൽ റാദിയ എന്ന വയോധിക വളർത്തിയ 20 പൂച്ചകളെ ഒരേ ദിവസം ചത്ത നിലയിൽ കണ്ടെത്തി. വിഷംകൊടുത്തു കൊന്നതാണെന്ന് റാദിയ സംശയം പ്രകടിപ്പിച്ചു.പാറപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുകയാണ് റാദിയ. പൂച്ചയെ വളർത്തുന്നതിൽ വിരോധമുള്ള ആരോ ചെയ്തതാവാമെന്നാണ് കരുതുന്നത്.

ശനിയാഴ്ച രാവിലെ മുതൽ പൂച്ചകൾ ചത്ത് വീഴുകയായിരുന്നുവെന്ന് റാദിയ പറഞ്ഞു. ഏതാനും ചിലതിനെ കുഴിച്ചിട്ടുവെന്നും മറ്റുള്ളവ അടുത്തുള്ള കുറ്റിക്കാടിനുള്ളിൽ ചത്തുകിടക്കുകയാണെന്നും അവർ പറയുന്നു.ആലുവയിലാണ് റാദിയ നേരത്തേ താമസിച്ചിരുന്നത്. പിന്നീട് പാറപ്പുറത്ത് നാല് സെന്റ് സ്ഥലം വാങ്ങി സർക്കാർ സഹായത്തോടെ വീട് പണിത് താമസിച്ചുവരുകയായിരുന്നു.

റാദിയയുടെ ഭർത്താവ് ആറ് വർഷം മുമ്പ് മരിച്ചിരുന്നു.പെൺമക്കളുടെ കല്ല്യാണം കഴിഞ്ഞതോടെ ഒറ്റക്ക് താമസിച്ചുവരുകയാണ് ഇവർ. തൃപ്പൂണിത്തുറയിലെ ഒരു സ്ഥാപനത്തിൽ ഹോംനഴ്സ് ആയി ജോലി നോക്കിയിരുന്നു റാദിയ.കൊവിഡായതോടെ ജോലി നിർത്തി നാട്ടിൽ തൊഴിലുറപ്പ് പണിക്ക് പോയിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

റാദിയക്ക് പൂച്ചകളെ നൽകിയിരുന്ന മൃഗസ്നേഹിയായ മരട് സ്വദേശി സചിത്ര വിവരമറിഞ്ഞെത്തി.