അജ്മാൻ: ഭർത്താവിന്റെ അമ്മയെ കുത്തിക്കൊല്ലാൻ ശ്രമിച്ച 21 വയസുകാരിയെ തടവ് ശിക്ഷക്ക് വിധിച്ച് അജ്മാൻ കോടതി.ഒരു വർഷത്തെ ജയിൽ ശിക്ഷയാണ് കോടതി വിധിച്ചത്.ശിക്ഷ അനുഭവിച്ച ശേഷം ഇവരെ യുഎഇയിൽ നിന്ന് നാടുകടകടത്തണമെന്നും കോടതി ഉത്തരവിട്ടു. മനഃപൂർവമായ കൊലപാതക ശ്രമമാണ് പ്രതി നടത്തിയതെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

ഭർത്താവിന്റെ അമ്മയെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ നാല് തവണ യുവതി കുത്തിയെന്ന് കേസ് രേഖകൾ പറയുന്നു. ബഹളം കേട്ട് ഭർത്താവ് ഓടിയെത്തിയാണ് യുവതിയെ പിടിച്ചുമാറ്റിയ ശേഷം അമ്മയെ ആശുപത്രിയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചത്. ഇരുവരും തമ്മിലുണ്ടായിരുന്ന ചില തർക്കങ്ങൾ കാരണം ഭർത്താവിന്റെ അമ്മയെ കൊല്ലാൻ യുവതി തീരുമാനിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

മകനും മരുമകൾക്കും ഒപ്പം അജ്മാനിലെ അപ്പാർട്ട്‌മെന്റിലായിരുന്നു അമ്മയും കഴിഞ്ഞിരുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ കാരണം കൊലപ്പെടുത്താൻ തീരുമാനിക്കുകയും അതിനായി കത്തി തയ്യാറാക്കി വെയ്ക്കുകയും ചെയ്ത ശേഷം അമ്മ ഉറങ്ങുന്നതുവരെ യുവതി കാത്തിരുന്നു. ശേഷം ശരീരത്തിൽ പല ഭാഗത്തായി നാല് തവണ കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ മകനാണ് അമ്മയുടെ ജീവൻ രക്ഷിച്ചത്.

മുറിയിൽ ഉറങ്ങുകയായിരുന്ന താൻ അമ്മയുടെ നിലവിളി കേട്ടാണ് ഉണർന്ന് ഓടിയെത്തിയതെന്ന് യുവതിയുടെ ഭർത്താവ് മൊഴി നൽകി. രക്തം വാർന്ന നിലയിലാണ് അമ്മയെ കണ്ടത്. ഭാര്യ അമ്മയെ വീണ്ടും വീണ്ടും കുത്തിയ ശേഷം ബോധരഹിതയായി തന്റെ ശരീരത്തിലേക്ക് വീണു. ഭാര്യയെ മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷം ആംബുലൻസിനെയും പൊലീസിനെയും വിവരമറിയിച്ച് എത്രയും വേഗം ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. വിചാരണയ്ക്കിടെ യുവതി കുറ്റം സമ്മതിക്കുകയും ചെയ്്തു