ഭോപ്പാൽ: ലൈംഗിക ഉത്തേജന ഗുളികകൾ അമിതമായി കഴിച്ച 25കാരൻ മരിച്ചു. ഭോപ്പാലിലാണ് സംഭവം. ബാബു മീണ എന്ന യുവാവാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 10 ലൈംഗിക ഉത്തേജന ഗുളികകൾ കഴിച്ച യുവാവിനെ കടുത്ത ശ്വാസം തടസ്സം നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അവിവാഹിതനായ ബാബു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഡിസംബർ ഏഴിന് ബാബു നിരവധി ലൈംഗിക ഉത്തേജന ഗുളികകൾ കഴിച്ചതായി സഹോദരൻ സോനു പൊലീസിനോട് പറഞ്ഞു. ഗുളിക കഴിച്ച ശേഷം കടുത്ത ക്ഷീണം, ഛർദ്ദി, വയറുവേദന എന്നിവ അനുഭവപ്പെട്ടു. ഡോക്ടറെ കണ്ടെങ്കിലും ആരോഗ്യ നില വഷളായി. ഡിസംബർ ഒമ്പതിന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചക്ക് രണ്ട് മണിയോടെ കടുത്ത ശ്വാസം നേരിട്ടതിനെ തുടർന്ന് മരിച്ചു. 

പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം അറിയാനാകൂവെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ആത്മഹത്യകുറിപ്പോ മറ്റ് സൂചനകളോ കണ്ടെടുത്തിട്ടില്ലെന്ന് എസ്‌ഐ ദേവേന്ദ്ര പറഞ്ഞു.