ദുബൈ: ദുബൈയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 27 പേർക്ക് പരിക്ക്. ഒരു പെർഫ്യൂം ഫാക്ടറിയിലെ ജീവനക്കാരാണ് അപകടത്തിൽ പരിക്കേറ്റവരെല്ലാം. ഇന്ന് രാവിലെ 8.45ഓടെ ജബൽ അലി ഫ്രീ സോണിലെ ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഏരിയയിലായിരുന്നു അപകടം. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

ഉടൻ തന്നെ ഇവരെ, ദുബൈ കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസിന്റെ ഒരു ബസ് ആംബുലൻസിൽ അടുത്തുള്ള എൻ.എം.സി റോയൽ ഹോസ്‍പിറ്റലിലേക്ക് മാറ്റി. നാല് പേർക്കാണ് സാരമായ പരിക്കുകളുള്ളത്. മറ്റ് 23 പേർക്ക് നിസാര പരിക്കുകൾ മാത്രമേയുള്ളൂ.