റിയാദ്: സൗദി അറേബ്യയിൽ മൊബൈൽ ഷോപ്പുകളിൽ അധികൃതർ നടത്തിയ പരിശോധനയിൽ 28 പ്രവാസികൾ പിടിയിൽ. കിഴക്കൻ റിയാദിലെ മൊബൈൽ സൂഖിലാണ് കഴിഞ്ഞ ദിവസം വിവിധ വകുപ്പുകളുടെ സംയുക്ത സംഘം പരിശോധനയ്ക്ക് എത്തിയത്.

തൊഴിൽ നിയമ ലംഘനത്തിനാണ് 28 പ്രവാസികൾ പിടിയിലായത്. ഇവരെ നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ റിയാദ് ശാഖാ ഓഫീസിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. രാജ്യത്ത് സ്വദേശിവത്കരണവും തൊഴിൽ നിയമങ്ങളും നടപ്പാക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റിയും പരിശോധനയിൽ പങ്കെടുത്തു.

സ്‌പോൺസർമാർക്ക് കീഴിലല്ലാതെ ജോലി ചെയ്യൽ, സന്ദർശക വിസയിലെത്തി ജോലി ചെയ്യൽ, തൊഴിൽ പെർമിറ്റില്ലാതെ ജോലി ചെയ്യൽ, സ്വദേശിവത്കരിച്ച തൊഴിലുകളിൽ സ്‌പോൺസർമാരുടെ കീഴിലല്ലാതെ ജോലി ചെയ്യൽ തുടങ്ങിയ കുറ്റങ്ങളിലാണ് പ്രവാസികൾ പിടിയിലായത്. പത്തോളം വ്യാപാര സ്ഥാപനങ്ങളിലും നിയമ ലംഘനം കണ്ടെത്തി. ഇവർക്ക് പിഴ ചുമത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പിടിയിലായ പ്രവാസികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാനും ശേഷം സൗദിയിൽ നിന്ന് നാടുകടത്തുന്നതിനുമായി സുരക്ഷാ വകുപ്പുകൾക്ക് കൈമാറി.