ന്യൂഡൽഹി: കോവിഡ് 19 നെതിരായ ആന്റിബോഡികൾ ഡൽഹിയിൽ 29.1 ശതമാനം ആൾക്കാരിലും ഉള്ളതായി റിപ്പോർട്ട്. ഇവരിൽ 32.2 ശതമാനം പേർ സ്ത്രീകളാണ്. ഓഗസ്റ്റ്‌ ആദ്യവാരത്തിൽ നടത്തിയ രണ്ടാം സീറോ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഓഗസ്റ്റ് ഒന്നുമുതൽ ഏഴുവരെയായിരുന്നു സർവേ. ജൂൺ 27 മുതൽ ജൂലായ് പത്തുവരെയായിരുന്നു ആദ്യ സർവേ. അന്ന് 24 ശതമാനം പേരിൽ ആന്റിബോഡികളുള്ളതായി കണ്ടെത്തിയിരുന്നു. അടുത്ത രണ്ടു ഘട്ടങ്ങൾ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലായി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

സർവേക്കായി വിവിധ പ്രായത്തിലുള്ള 15,000 പേരിൽ നിന്നുള്ള സാമ്പിളുകളാണ് ശേഖരിച്ചിരുന്നത്. തലസ്ഥാനത്തെ 11 ജില്ലകളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. സൗത്ത്ഈസ്റ്റ് ജില്ലയിലാണ് ഏററവും കൂടുതൽ രോഗവ്യാപനം ഉണ്ടായിരിക്കുന്നതെന്നും സർവേയിൽ കണ്ടെത്തി. രണ്ടുകോടിയാണ് ഡൽഹിയിലെ ജനസംഖ്യ.

ഡൽഹിയിൽ 1390 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 1,320 പേർ രോഗമുക്തി നേടി. 9 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടർന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,56,139 ആണ്. ഇതിൽ 11,137 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,40,767 പേർ രോഗമുക്തി നേടി. 4,235 പേർ ഇതുവരെ മരിച്ചു.