അബുദാബി: യുഎഇയിൽ കോവിഡ് വാക്​സീൻ പരീക്ഷണത്തിനു വിധേയരായവരെ അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായുള്ള കോവിഡ് ടെസ്റ്റിൽ നിന്നും ഒഴിവാക്കിയതായി ആരോ​ഗ്യ വിഭാ​ഗം. യുഎഇയുടെ കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് തയ്യാറായി മുന്നോട്ടു വന്നിട്ടുള്ളത് 107 രാജ്യങ്ങളിൽ നിന്ന് 15,000 സന്നദ്ധ പ്രവർത്തകരാണ്. ഇതുവരെയായി 4,500 ൽ അധികം എമിറാറ്റികൾ ഉൾപ്പെടെ 107 വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും വ്യത്യസ്ത ജനങ്ങളുമാണ് സന്നദ്ധപ്രവർത്തകരിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവർക്കാണ് മൂന്നുമാസം വരെ അബുദാബിയിലേക്ക് കോവിഡ് പരിശോധന കൂടാതെ പ്രവേശിക്കാനാകുക.

എന്നാൽ, പരീക്ഷണ വാക്സിൻ എടുത്തവരിൽ രോ​ഗലക്ഷണങ്ങൾ പ്രകടമായാൽ പരിശോധനക്ക് വീണ്ടും വിധേയമാക്കും. കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത് മൂന്നുമാസം വരെയാണ് അബുദാബിയിൽ പരിശോധന കൂടാതെ പ്രവേശിക്കാനാകുക.വാക്​സീൻ എടുക്കുന്നതിനു മുൻപായി ഓരോരുത്തർക്കും കോവിഡ് പരിശോധന നടത്തുന്നുണ്ട്. 21ാം ദിവസത്തിൽ രണ്ടാമത്തെ ഡോസ് എടുക്കുന്നതിന് മുൻപും കോവിഡ് പരിശോധന നടത്തുന്നു. 35ാം ദിവസവും ഇത് ആവർത്തിക്കും. അതുകൊണ്ടുതന്നെ അൽഹൊസൻ ആപ്ലിക്കേഷനിൽ വാക്​സീൻ വൊളന്റിയർ എന്നു കാണിച്ചാൽ പ്രവേശനം അനുവദിക്കുമെന്ന് ഫെയ്സ്–3 ക്ലിനിക്കൽ ട്രയൽ യുഎഇ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. നവാൽ അഹ്മദ് അൽ കാബി വിശദീകരിച്ചു. മൂന്ന് മാസത്തേക്ക് കോവി‍ഡ് പരിശോധനയിൽ നിന്ന് ഇവരെ ഒഴിവാക്കിയതായി അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു.

അതേസമയം പനി, തൊണ്ടവേദന, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളുള്ള വൊളന്റിയർമാർ കോവിഡ‍് പരിശോധനയ്ക്കു ഹാജരാകണമെന്ന് ഡോ. നവാൽ അഹ്മദ് അൽ കാബി ആവശ്യപ്പെട്ടു.വാക്​സീൻ സ്വീകരിച്ചു ആദ്യ മൂന്ന് ദിവസം 24 മണിക്കൂറും നിരീക്ഷിക്കും. ഇതിനിടെ ആർക്കെങ്കിലും രോഗലക്ഷണമുണ്ടായാൽ വിദഗ്ധ പരിശോധന നടത്തി അടിയന്തര ചികിത്സ ഉറപ്പാക്കും. മറ്റു കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ മൂന്ന് മാസത്തേക്കു കോവി‍ഡ് പരിശോധന വേണ്ട. വൊളന്റിയർ ആകാൻ താൽപര്യമുള്ളവർക്ക് www.4humanity.ae. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

 യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MOHAP), ആരോഗ്യ വകുപ്പ് - അബുദാബി, അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) എന്നിവയുമായി സഹകരിച്ച് ജി 42 ഹെൽത്ത്‌കെയർ ആണ് പരീക്ഷണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. നിലവിൽ വോളന്റിയരെ സ്‌ക്രീൻ ചെയ്യുകയും, വാക്‌സിന്റെ ആദ്യ രണ്ട് കുത്തിവയ്‌പ്പുകൾ നൽകുകയും ചെയ്തു. നിർജ്ജീവമായ വാക്‌സിൻ ഒരു പ്രമുഖ വാക്‌സിൻ നിർമ്മാതാക്കളായ സിനോഫാം സിഎൻബിജിയാണ് വികസിപ്പിച്ചെടുത്തത്. പരീക്ഷണത്തിനു തയ്യാറായവരെ സ്ഥിരമായി നിരീക്ഷണത്തിനും ആരോഗ്യ പരിശോധനകൾക്കും വിധേയരാക്കുകയും, അവരുടെ ക്ഷേമം ഉറപ്പുവരുത്തുകയും ചെയ്യും.

ഇതുവരെയായി 4,500 ൽ അധികം എമിറാറ്റികൾ ഉൾപ്പെടെ 107 വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും വ്യത്യസ്ത ജനങ്ങളുമാണ് സന്നദ്ധപ്രവർത്തകരിൽ ഉൾപ്പെട്ടിട്ടുള്ളത്. 140 ലധികം ഡോക്ടർമാരും 300 നഴ്സുമാരും അതിൽ കൂടുതൽ അഡ്‌മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്കൽ സപ്പോർട്ട് സ്റ്റാഫുകളും വാക്‌സിൻ ട്രയൽ സുഗമമാക്കാൻ സഹായിക്കുന്നുണ്ട്. കോവിഡ് -19 നുള്ള മൂന്നാം ഘട്ട നിർജ്ജീവമാക്കിയ വാക്‌സിൻ പരീക്ഷണത്തിന് ആദ്യം മുന്നോട്ടുവന്നത് അബുദാബി ആരോഗ്യവകുപ്പ് ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമീദാണ്. അദ്ദേഹത്തിന് ഇതിനകം തന്നെ ഒന്നും രണ്ടും ഷോട്ട് ലഭിച്ചു.

യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MOHAP), ആരോഗ്യവകുപ്പ് - അബുദാബി, അബുദാബി ഹെൽത്ത് സർവീസസ് കമ്പനി, സിനോഫാറം, G42 ഹെൽത്ത് കെയർ എന്നിവ മാനവികതയുടെ പേരിൽ എല്ലാ സന്നദ്ധ പ്രവർത്തകർക്കും നന്ദി അറിയിച്ചു.