നീലേശ്വരം :കാസർകോട് നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 30 ഗ്രാം ബ്രൗൺ ഷുഗറുമായി 3 പേരെ നീലേശ്വരം പൊലീസ് അറസ്റ്റുചെയ്തു. ജില്ലാ പൊലീസ് മേധാവി ഡോ: വൈഭവ് സക്‌സേന ഐ പി എസിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ബ്രൗൺഷുഗർ കണ്ടെത്തിയത്.

കാസർകോടു നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്ന ബ്രൗൺഷുഗറുമായി പ്രതികളായ മുഹമ്മദ് അജ്മൽ എൻ ( 26) ,കൊണ്ടോട്ടി , അൻസിൽ എൻ വി അരീക്കോട് (22) , മുഹമ്മദ് ഫൈജാസ് മലപ്പുറം( 22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. KL 59 Q 7329 ബ്രീസാ കാറാണ് പ്രതികൾ ബ്രൗൺഷുഗർ കടത്താൻ ഉപയോഗിച്ചത്.

നീലേശ്വരം പള്ളിക്കര ജംഗ്ഷനിൽ വച്ചാണ് പ്രതികളെ കാഞ്ഞങ്ങാട് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ, ഇൻസ്പെക്ടർ ശ്രീഹരി കെ.പി , സബ് ഇൻസ്‌പെക്ടർ ശ്രീജേഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ 11.30 ന് അറസ്റ്റ് ചെയ്തത്.

നീലേശ്വരം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ ഗീരിശൻ എം.വി, പ്രദീപൻ കെ.വി, വിനോദ് കെ, പ്രഭേഷ്‌കുമാർ, അമൽ രാമചന്ദ്രൻ , മനു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ലഹരിക്കെതിരെ ബോധവൽക്കരണത്തോടൊപ്പം ശക്തമായ പരിശോധനകളും നടപടികളുമായി മുന്നോട്ട് പോവുകയാണ് നീലേശ്വരം പൊലീസ്.രണ്ട് ദിവസത്തിനുള്ളിലെ രണ്ടാമത്തെ ലഹരി വേട്ടയാണ് നീലേശ്വരം പൊലീസ് നടത്തിയിരിക്കുന്നത്.