റിയോ ഡി ജനീറോ: ബ്രസീലിൽ വിമാനാപകടത്തിൽ നാല് ഫുട്ബോൾ താരങ്ങൾക്ക് ദാരുണാന്ത്യം. ബ്രസീലിലെ വടക്കൻ നഗരമായ പൽമാസിന് സമീപമുള്ള ടൊക്കൻഡിനൻസ് എയർഫീൽഡിലാണ് അപകടം. വിമാനം റൺവേയിൽ നിന്ന് പറന്ന് മിനുട്ടുകൾക്കുള്ളിൽ തന്നെ തകർന്നു വീഴുകയായിരുന്നു. ഇരട്ട എൻജിനുള്ള വിമാനം പറന്നുതുടങ്ങിയ ഉടൻ തകർന്നു വീണ് കത്തിയമർന്നു. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റും മരിച്ചതായി വാർത്താ ഏജൻസികൾ വ്യക്തമാക്കി.

ഒരു പ്രാദേശിക മത്സരത്തിനായി വിമാനത്തിൽ പോയ താരങ്ങളാണ് അപകടത്തിൽപ്പെട്ടത്. കോപ വെർഡെ മത്സരത്തിൽ പങ്കെടുക്കാനായി യാത്ര തിരിച്ച പൽമാസ് താരങ്ങളാണ് മരിച്ചത്. ഇന്ന് വില നോവയ്ക്കെതിരായ പോരാട്ടത്തിനായിട്ടായിരുന്നു താരങ്ങൾ യാത്ര തിരിച്ചത്. പൽമാസ് താരങ്ങളായ ലുക്കാസ് പ്രക്സിഡസ്, ഗ്വിൽഹെർമെ നോയെ, റനുലെ, മാർക്കസ് മൊളിനരി, ക്ലബ് പ്രസിഡന്റ് ലുക്കാസ് മെയ്റ എന്നിവരാണ് മരിച്ചത്. ബ്രസീൽ ഫുട്ബോൾ ക്ലബ് പൽമാസിന്റെ പ്രസിഡന്റും മരിച്ചവരിൽ ഉൾപ്പെടുന്നു. 

ടീമിലെ മറ്റ് താരങ്ങൾ നേരത്ത മറ്റൊരു വിമാനത്തിൽ മത്സര സ്ഥലത്തേക്ക് യാത്ര തിരിച്ചിരുന്നു. അപകടത്തിൽ മരിച്ച നാല് താരങ്ങളെ പ്രത്യേകം എത്തിക്കാനായിരുന്നു തീരുമാനം. ഈ നാല് താരങ്ങളും കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. നിരീക്ഷണ കാലാവധി പൂർത്തിയാക്കി തൊട്ടടുത്ത ദിവസം തന്നെ യാത്ര തിരിക്കേണ്ടി വന്നതിനാലാണ് ഈ നാല് താരങ്ങളെ മറ്റൊരു വിമാനത്തിൽ എത്തിക്കാൻ ശ്രമിച്ചത്. ഈ വിമാനമാണ് അപകടത്തിൽപ്പെട്ടത്.