ന്യൂഡൽഹി: 51ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ പനോരമ ചിത്രങ്ങൾ പ്രഖ്യാപിച്ചു. 23 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് പനോരമ വിഭാഗത്തിൽ ഇത്തവണ പ്രദർശിപ്പിക്കുന്നത്. മലയാളത്തിൽ നിന്ന് അഞ്ച് ഫീച്ചർ ചിത്രങ്ങളും ഒരു നോൺ ഫീച്ചർ ചിത്രവും ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.പ്രദീപ് കാളിപുറം സംവിധാനം ചെയ്ത 'സേഫ്', ഫഹദ്- നസ്രിയ താരജോഡികൾ ഒന്നിച്ച അൻവർ റഷീദ് ചിത്രം 'ട്രാൻസ്', ആസിഫ് അലി നായകനായെത്തിയ നിസാം ബഷീർ സംവിധാനം ചെയ്ത 'കെട്ട്യോളാണ് എന്റെ മാലാഖ', സിദ്ദിഖ് പരവൂരിന്റെ 'താഹിറ', മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത 'കപ്പേള' എന്നിവയാണ് ഫീച്ചർ വിഭാഗം പനോരമയിലേക്ക് മലയാളത്തിൽനിന്ന് ഇടം പിടിച്ചിരിക്കുന്ന സിനിമകൾ. ശരൺ വേണുഗോപാലിന്റെ 'ഒരു പാതിരാസ്വപ്നം പോലെ' ആണ് നോൺ ഫീച്ചർ വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്നും ഇടംപിടിച്ച ചിത്രം.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെക്കുറിച്ചു സംവിധായകൻ ബ്ലെസി തയാറാക്കിയ '100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം' എന്ന ഇംഗ്ലിഷ് ഡോക്യുമെന്ററിയും ഫീച്ചർ ഇതര വിഭാഗത്തിലുണ്ട്.23 സിനിമകൾ ഉൾപ്പെടുന്ന പൂർണ പട്ടികയിൽ മലയാളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ചിത്രങ്ങൾ.

ജയറാം കുചേലനായി വേഷമിടുന്ന സംസ്‌കൃത സിനിമ നമോയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധായകൻ. ധനുഷും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെട്രി മാരന്റെ തമിഴ് ചിത്രം 'അസുരൻ', അന്തരിച്ച ബോളിവുഡ് ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് നായകനായ നിതേഷ് തിവാരിയുടെ 'ചിച്ചോറെ', താപ്‌സി പന്നു, ഭൂമി പഡ്‌നേക്കർ എന്നിവർ വേഷമിട്ട തുഷാർ ഹിരനന്ദാനി ചിത്രം സാൻഡ് കി ആംഗ്, എന്നിവയാണ് പട്ടികയിൽ ഇടം നേടിയ മറ്റ് ചിത്രങ്ങൾ.ഫീച്ചർ വിഭാഗത്തിൽ 3 മറാഠി സിനിമകളും 2 വീതം ഹിന്ദി, ബംഗാളി സിനിമകളും പനോരമയിൽ ഇടം പിടിച്ചിട്ടുണ്ട്.
സംവിധായകൻ ജോൺ മാത്യു മാത്തൻ അധ്യക്ഷനായ പനോരമ ജൂറിയിൽ യു. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവരായിരുന്നു അംഗങ്ങൾ. 20 സിനിമകളിൽ നിന്നാകും ചലച്ചിത്രോത്സവത്തിന്റെ രാജ്യാന്തര മത്സര വിഭാഗത്തിലേക്കു 2 സിനിമകൾ തിരഞ്ഞെടുക്കുക.

ജനുവരിയിലാണ് ഇത്തവണത്തെ മേള നടക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കാനിരുന്ന ചലച്ചിത്രമേള ജനുവരിയിലേക്ക് മാറ്റിവച്ചത്. ജനുവരി 16 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ വെർച്വൽ, ഹൈബ്രിഡ് ഫോർമാറ്റിലാവും മേള സംഘടിപ്പിക്കുകയെന്നും വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കിയിരുന്നു.

അതേസമയം കോവിഡിന്റെ പശ്ചാത്തലത്തിൽ 25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയും അടുത്ത വർഷത്തേക്ക് മാറ്റിവച്ചിരുന്നു. 2021 ഫെബ്രുവരി 12 മുതൽ 19 വരെയാണ് മേള നടക്കുകയെന്ന് കേരള ചലച്ചിത്ര അക്കാദമി വ്യക്തമാക്കി.