ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് വിൽപന നടത്തിയെന്ന കേസിൽ തമിഴ്‌നാട്ടിലെ നാല് ആശുപത്രികൾ അടച്ചുപൂട്ടാൻ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. സംഭവത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയ ഈറോഡ്, പെരുന്തുറെ, തിരുച്ചിറപ്പള്ളി, സേലം എന്നിവിടങ്ങളിലെ ആശുപത്രികളാണ് അടച്ചുപൂട്ടുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ അടച്ചുപൂട്ടാനാണ് നിർദ്ദേശം. ഇവിടങ്ങളിൽ രോഗികൾ ചികിത്സയിലുള്ളത് പരിഗണിച്ചാണ് രണ്ടാഴ്ചത്തെ സമയം അനുവദിച്ചത്.

അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി ആക്ട് ലംഘിച്ചുവെന്നാണ് ആശുപത്രികൾക്കെതിരായ ആരോപണം. വിവിധ ആശുപത്രികളിലെത്തി പെൺകുട്ടിയെ അമ്മ നിർബന്ധിച്ച് എട്ടു തവണ അണ്ഡം വിൽപന നടത്തിയ സംഭവത്തിലാണ് നടപടി.

അമ്മയും കാമുകനും നിർബന്ധിച്ച് 16 വയസുള്ള പെൺകുട്ടിയെക്കൊണ്ട് അണ്ഡം വിൽപന നടത്തിയതു ജൂൺ ഒന്നിനാണു പുറത്തറിയുന്നത്. മേൽപ്പറഞ്ഞ ആശുപത്രികളിലെത്തിച്ചായിരുന്നു അണ്ഡവിൽപ്പന. ഈ ആശുപത്രികൾ നടത്തിയ നിയമലംഘനങ്ങൾ എണ്ണിപ്പറഞ്ഞാണ് തമിഴ്‌നാട് ആരോഗ്യമന്ത്രി എം.എ.സുബ്രഹ്‌മണ്യൻ അടച്ചുപൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ആശുപത്രികൾക്കെതിരെ 50 ലക്ഷം രൂപ വരെ പിഴയീടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുറ്റക്കാരായ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യും.

'ഒരു കുട്ടിയുള്ള 21-35 പ്രായത്തിലുള്ള പ്രായപൂർത്തിയായ വിവാഹിതരായ സ്ത്രീകൾക്ക് മാത്രമേ അണ്ഡം ദാനംചെയ്യാൻ അനുവാദമുള്ളൂ, അതും ഒരിക്കൽ മാത്രം. ഈ സംഭവത്തിൽ 16-കാരിയെ പലതവണ നിർബന്ധിപ്പിച്ച് അണ്ഡം വിൽപന നടത്തി', തമിഴ്‌നാട് ആരോഗ്യ മന്ത്രി എം.എ.സുബ്രഹ്‌മണ്യൻ പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ സമിതി നിയമലംഘനങ്ങളുടെ ഒരു പരമ്പരയാണ് കണ്ടെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് വരുത്തിത്തീർക്കാൻ വ്യാജ ആധാർ കാർഡ് നിർമ്മിച്ചു. കൂടാതെ ഭർത്താവിന്റേതെന്ന പേരിൽ വ്യാജമായി സമ്മതപത്രവും ഉണ്ടാക്കി. മതിയായ യോഗ്യതയുള്ള കൗൺസിലർമാർ ആശുപത്രികളിലുണ്ടായിരുന്നില്ല. അണ്ഡദാനം സംബന്ധിച്ച നടപടികളുടെ ഗുണദോഷങ്ങളേക്കുറിച്ച് പെൺകുട്ടിക്ക് വേണ്ട ഉപദേശം നൽകിയില്ലെന്നും അന്വേഷണസമിതി കണ്ടെത്തി.

അനധികൃതമായി ആധാർ നിർമ്മിച്ചതിനെതിരേയും പോക്‌സോ വകുപ്പുകളും ചേർത്താണ് അധികൃതർക്കെതിരെയും പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്താനൊരുങ്ങുന്നത്. ആശുപത്രികൾക്ക് 50 ലക്ഷംവരെ പിഴയും, ഇതിലുൾപ്പെട്ട ഡോക്ടർമാർക്ക് പത്ത് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് തമിഴ്‌നാട് ആരോഗ്യ മന്ത്രി പറഞ്ഞു.

സംഭവത്തിൽ പങ്കുണ്ടെന്നു കണ്ടെത്തിയ കേരളത്തിലെ ഒരു ആശുപത്രിക്കെതിരെ നടപടിക്കു ശുപാർശ ചെയ്യാനും തമിഴ്‌നാട് ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആന്ധ്രയിലെ ഒരു ആശുപത്രിക്കെതിരെയും നടപടിക്കു ശുപാർശ ചെയ്യുമെന്നാണ് റിപ്പോർട്ട്. പെരുന്തുറെയിലെ ആശുപത്രിയിൽ ശേഖരിച്ച അണ്ഡം തിരുവനന്തപുരത്തെയും തിരുപ്പതിയിലെയും പ്രമുഖ വന്ധ്യതാ നിവാരണ ക്ലിനിക്കുകൾക്കു കൈമാറിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്. ഇരു ആശുപത്രികൾക്കും തമിഴ്‌നാട് ആരോഗ്യവകുപ്പും പൊലീസും നോട്ടിസ് അയച്ചിരുന്നു.

രോഗികളുടെ താത്പര്യം കണക്കിലെടുത്ത് ആശുപത്രികൾ അടച്ചിടാൻ രണ്ടാഴ്ച സമയം നൽകിയിട്ടുണ്ട്. ഇതിൽ രണ്ട് ആശുപത്രികൾ സംസ്ഥാന ആരോഗ്യ ഇൻഷൂറൻസ് പദ്ധതി പ്രകാരമുള്ള എംപാനൽമെന്റ് നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലേയും ആന്ധാപ്രദേശിലേയും ഓരോ ആശുപത്രികളും അണ്ഡവിൽപനയിൽ പങ്കാളികളായിട്ടുണ്ടെന്നും ആരോപണമുണ്ട്.

നിലവിൽ 16 വയസുള്ള പെൺകുട്ടിയെ ആർത്തവം തുടങ്ങിയ 12ാം വയസു മുതൽ അമ്മയും കാമുകനും ഇടനിലക്കാരിയും അണ്ഡവിൽപനയ്ക്കു വിധേയമാക്കിയെന്നാണു പരാതി. കേസിൽ പെൺകുട്ടിയുടെ അമ്മ, അവരുടെ കാമുകൻ സയ്യിദ് അലി, ഇടനിലക്കാരി കെ.മാലതി എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഒരോ തവണയും അണ്ഡം നൽകിയതിനു അമ്മയും കാമുകനും ആശുപത്രിയിൽ നിന്നു 20000 രൂപ വീതവും ഇടനിലക്കാരി അയ്യായിരം രൂപ വീതവും കൈപ്പറ്റിയെന്നാണു പൊലീസ് കണ്ടെത്തൽ. ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്.