പത്തനംതിട്ട: കോവിഡ് മാനദണ്ഡം ലംഘിച്ച് കൂട്ടംകൂടി പള്ളി കൂദാശാ ചടങ്ങുകൾ നടത്തിയതിന് കമ്മറ്റി ഭാരവാഹികൾ അടക്കം നൂറു പേർക്കെതിരേ പൊലീസ് കേസെടുത്തു. ചന്ദനപ്പള്ളി സെന്റ് ജോർജ് തീർത്ഥാടന കത്തോലിക്കാ ദേവാലയ കമ്മറ്റി ഭാരവാഹികൾക്കും വിശ്വാസികൾക്കുമെതിരേയാണ് കേസ്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന പുതിയ ദേവാലയത്തിന്റെ മൂറോൻ കൂദാശയ്ക്കായിട്ടാണ് കോവിഡ് മാനദണ്ഡം ലംഘിച്ച് വിശ്വാസികൾ തടിച്ചു കൂടിയത്.

ബിഷപ്പുമാരും പുരോഹിതരും കാർമ്മികരായി. രണ്ടു ശുശ്രൂഷകൾ ആയാണ് കൂദാശ പൂർത്തിയാക്കിയത്. വൈകിട്ട് മൂന്നിനാണ് കൂദാശ ശ്രുശ്രൂഷകൾ ആരംഭിച്ചത്. തൊട്ടുപിന്നാലെ വിശ്വാസികൾ തടിച്ചു കൂടി. ഈ സമയം സ്ഥലത്തുണ്ടായിരുന്ന കൊടുമൺ പൊലീസ് ഒന്നും ചെയ്യാതെ നോക്കി നിൽക്കുകയായിരുന്നു. പരമാവധി 100 പേർക്ക് മാത്രം കോവിഡ് ചട്ടങ്ങൾ കർശനമായി പാലിച്ച് പങ്കെടുക്കാവുന്ന ചടങ്ങിലാണ് നാലിരട്ടിയോളം ആൾക്കാർ പങ്കെടുത്തത്.

വിശ്വാസി സമൂഹത്തെ തൊട്ടാൽ അനന്തരഫലം എന്താകുമെന്ന് ഭയന്ന് കൊടുമൺ എസ്എച്ച്ഓ, എസ്ഐ എന്നിവരടക്കമുള്ള പൊലീസ് സംഘം നോക്കി നിന്നു. അഞ്ചു മണിയോടെ വിവരം അറിഞ്ഞ അടൂർ ഡിവൈഎസ്‌പി സ്ഥലത്തെത്തി. അധികമായുണ്ടായിരുന്ന ആൾക്കാരെ പുറത്താക്കിയ ശേഷം ചടങ്ങുകൾ തുടരാൻ അനുവദിച്ചു. ഭക്ഷണ വിതരണം അടക്കം സംഘടിപ്പിച്ചിരുന്നു. കോവിഡ് മാനദണ്ഡം കർശനമായി പാലിക്കാമെന്ന ഉറപ്പിലായിരുന്നു ചടങ്ങുകൾക്ക് അനുമതി നൽകിയിരുന്നത്. മാനദണ്ഡം ലംഘിച്ചതിനാണ് നൂറു പേർക്കെതിരേ കേസ് എടുത്തത് എന്ന് ഡിവൈഎസ്‌പി ആർ. ബിനു മാധ്യമങ്ങളോട് പറഞ്ഞു.

പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു മൂറോൻ കൂദാശ നടന്നത്. ശ്രുശ്രൂഷകൾക്ക് പത്തനംതിട്ട രൂപത മുൻ അധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം, മാവേലിക്കര രൂപതാധ്യക്ഷൻജോഷ്വാ മാർ ഇഗ്നാത്തിയോസ്, വിൻസെന്റ് മാർ പൗലോസ്, ജോസഫ് മാർ തോമസ്, യൂഹാനോൻ മാർ തെയോഡേഷ്യസ്, തോമസ് മാർ യൗസേബിയോസ്, ഗീവർഗീസ് മാർ അപ്രേം, മാത്യൂസ് മാർ തെവോദോസിയോസ് എന്നീ മെത്രാപ്പൊലീത്തമാർ സഹകാർമികരായിരുന്നു. ഇടവക വികാരി ഫാ . സജി മാടമണ്ണിൽ നന്ദി പറഞ്ഞു.

ഞായറാഴ്ച രാവിലെ വിശുദ്ധ സമൂഹബലിയോടെ കൂദാശ ശ്രുശ്രുഷകൾ പൂർത്തിയാകും. ഞായറാഴ്ച പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറേനിയോസ് സമൂഹബലിക്ക് മുഖ്യകാർമ്മികത്വം വഹിക്കും. കൂദാശയോടനുബന്ധിച്ച് കുരിശിന്റെ വഴി സ്ഥലങ്ങളും ഫാ. ആന്റണി കേളംപറമ്പിൽ മെമോറിയലായി പണിത മെമോറിയാ മമ്മാരെയുടെ കൂദാശയും ഇന്നലെ നടന്നു. ദേവാലയത്തിന്റെ മുൻഭാഗത്തും ഇരു വശങ്ങളിലുമായി ക്രമികരിച്ചിരിക്കുന്ന നിത്യാരാധന ചാപ്പൽ കൂദാശയും വിശുദ്ധരുടെ തിരുേശഷിപ്പുകളും സഹദായുടെ തിരുസ്വരുപവും പ്രതിഷ്ഠിച്ച ചാപ്പലിന്റെയും കൂദാശയും നടന്നു.

പ്രധാന മദ്ബഹായുടെ ഇരുവശങ്ങളിലായി അൾത്താരയിൽ ജർമൻ കൊളോൺ രൂപതയിൽ നിന്നും കൊണ്ടു വന്ന സ്വർണ നിർമ്മിതമായ വിശുദ്ധ ഗീവർഗീസ് സഹദായുടെ രൂപവും ദൈവ മാതാവിന്റെ രുപവും മൂറോൻ കൂദാശയോടനുബന്ധിച്ച് പ്രത്യേകം പ്രതിഷ്ഠിച്ചു. നവതി നിേവദ്യം മൂറോൻ പ്രസാദം എന്ന പേരിൽ മൂന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. ഭവന നിർമ്മാണം, വിവാഹ- വിദ്യാഭ്യാസ സഹായം, ചികിൽസാ സഹായം എന്നിവയാണ് പദ്ധതികൾ.