തിരുവനന്തപുരം: 42-ാം വിവാഹ വാർഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ഒരുമിച്ചുള്ള 42 വർഷങ്ങൾ എന്ന തലക്കെട്ടോടെ ഇരുവരുടെയും ഫോട്ടോ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 1979 സെപ്റ്റംബർ 2 നായിരുന്നു ഇവരുടെ വിവാഹം. വിവാഹ വാർഷിക ദിനത്തിൽ അന്നത്തെ ക്ഷണക്കത്തും വീണ്ടും വൈറലായി.

വിവാഹ വാർഷികത്തോട് അനുബന്ധിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നിരിക്കുന്നത്. പ്രമുഖരുൾപ്പെടെയുള്ളവർ ആശംസ അറിയിച്ചിട്ടുണ്ട്.


 

1979 സെപ്റ്റംബർ രണ്ടിനാണ് വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയെ പിണറായി വിവാഹം കഴിച്ചത്. തലശ്ശേരിയിലെ സെന്റ് ജോസഫ്സ് സൂകൂളിലെ അദ്ധ്യാപികയായിരുന്നു കമല. കൂത്തുപറമ്പ് എംഎൽഎയും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആയിരുന്നു പിണറായി വിജയൻ. തലശ്ശേരി ടൗൺ ഹാളിൽ വെച്ചു നടന്ന വിവാഹത്തിന് ജില്ലാ സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ പേരിലായിരുന്നു ക്ഷണക്കത്ത്.

'സുഹൃത്തേ, സ: പിണറായി വിജയനും തൈക്കണ്ടിയിൽ ആണ്ടി മാസ്റ്ററുടെ (ഒഞ്ചിയം) മകൾ കുമാരി ടി. കമലയും തമ്മിലുള്ള വിവാഹം 1979 സെപ്റ്റംബർ രണ്ടാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് തലശ്ശേരി ടൗൺഹാളിൽ വെച്ച് നടത്തുന്നതാണ്. തദവസരത്തിൽ താങ്കളുടെ സാന്നിദ്ധ്യമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. ചടയൻ ഗോവിന്ദൻ, സെക്രട്ടറി, കമ്യൂണിസ്റ്റ് (മാർക്‌സിസ്റ്റ്) പാർട്ടി, കണ്ണൂർ ജില്ലാ കമ്മറ്റി. മുഖ്യമന്ത്രിയുടെ വിവാഹക്ഷണക്കത്തിന്റെ ഉള്ളടക്കം.ഇപ്രകാരമായിരുന്നു. സമ്മാനങ്ങൾ സദയം ഒഴിവാക്കുക'- എന്നായിരുന്നു ക്ഷണപത്രത്തിലെ ഉള്ളടക്കം.