ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി വാക്‌സിനെത്തിക്കാൻ രാജ്യത്തെ രണ്ടു കമ്പനികളും രാപകലെന്നില്ലാതെ ഉത്പാദനം തുടരുകയാണ്. അതിനിടെ. കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കുന്ന ഹൈദരാബാദ് ഭാരത് ബയോടെക്കിലെ 50 ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതും വാർത്തയായി. കമ്പനി ജോയിന്റ് മാനേജിങ് ഡയറക്ടർ സുചിത്ര എല്ലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട പരാതികൾ തങ്ങളുടെ സംഘത്തെ വേദനിപ്പിച്ചെന്ന മുഖവുരയോടെ തുടങ്ങിയ ട്വിറ്റിലാണ് ജീവനക്കാരുടെ കോവിഡ് ബാധയുടെ കാര്യവും സുചിത്ര അറിയിച്ചത്. ലോക്ഡൗണിനിടയിലും 24 മണിക്കൂറും കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നും വാക്സിൻ നിർമ്മാണം തുടരുകയാണെന്നും സുചിത്ര അറിയിച്ചു. ചെറിയ അളവിലാണെങ്കിലും 18 സംസ്ഥാനങ്ങളിൽ ഇതുവരെ വാക്‌സിൻ അയച്ചു. തങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്ത് ചില സംസ്ഥാനങ്ങൾ പരാതിപ്പെട്ടത് വേദനാജനകമെന്നും സുചിത്ര എല്ല ട്വീറ്റിൽ പറഞ്ഞു.

ഭാരത് ബയോടെക്കിലെ കോവിഡ് ബാധ സോഷ്യൽമീഡിയയിൽ വൻ ചർച്ചയാവുകയാണ്. ജീവനക്കാർക്ക് കമ്പനി വാക്സിൻ നൽകിയിരുന്നില്ലേ, എങ്ങനെയാണ് ഇവർക്ക് രോഗം ബാധിച്ചത് തുടങ്ങി നിരവധി ചോദ്യങ്ങളാണ് സോഷ്യൽമീഡിയയിൽ നിന്ന ഉയരുന്നത്.

അതേസമയം, രണ്ട് വയസ്സ് മുതൽ പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളിൽ കോവാക്സിൻ പരീക്ഷണത്തിന് കേന്ദ്രം അനുമതി നൽകി. അതോടൊപ്പം ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും വാക്സിൻ സ്വീകരിക്കാമെന്ന ശുപാർശയും വിദഗ്ധ സമിതി കേന്ദ്രത്തിന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.

കുട്ടികളിൽ രണ്ടാം ഘട്ട പരാക്ഷണം നടത്താനാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകാരം നൽകിയിരിക്കുന്നത്. നേരത്തെ അമേരിക്ക കാനഡ എന്നീ രാജ്യങ്ങളും കുട്ടികളിൽ വാക്സിൻ പരീക്ഷണം നടത്താമെന്ന തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കുട്ടികളിൽ പരീക്ഷണം നടത്തുന്നതിന് ഇന്ത്യയും തയ്യാറെടുത്തിരിക്കുന്നത്. എക്സ്പേർട്ട് കമ്മിറ്റിയുടെ അനുമതി ലഭിച്ചതിന് ശേഷമാണ് കുട്ടികളിൽ വാക്സിൻ പരീക്ഷണം നടത്താൻ ഡിസിജിഐ അംഗീകാരം നൽകിയത്.

ആരോഗ്യ പ്രശ്ങ്ങൾ ഇല്ലാത്ത 525 കുട്ടികളിലാണ് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ പരീക്ഷിക്കാനൊരുങ്ങുന്നത്. രണ്ട് ഡോസായി നൽകുന്ന വാക്സിൻ 28 ദിവസങ്ങളുടെ ഇടവേളകളിൽ എടുക്കാനാണ് തീരുമാനമായിരിക്കുന്നത്. രണ്ടാം ഘട്ടത്തിന്റെ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാവു എന്ന നിർദ്ദേശമാണ് കേന്ദ്രം മുന്നോട്ട് വെച്ചിരിക്കുന്നത്.

അതേസമയം, ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും വാക്സിൻ എടുക്കുന്നതിൽ പ്രശ്നങ്ങളില്ലെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ട്. എന്നാൽ വാക്സിൻ എടുക്കണോ വേണ്ടയോ എന്നത് അവർക്ക് തീരുമാനിക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. . നിലവിലെ വാക്സിനേഷൻ പ്രോട്ടോക്കോളുകൾ പ്രകാരം, ഇതനുവദനീയമല്ലായിരുന്നു. എന്നാൽ ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവരും ഐസിയു പരിചരണത്തിലുള്ളവരും നാല് മുതൽ എട്ട് ആഴ്ച വരെ കാത്തിരിക്കണമെന്നും നിർദ്ദേശമുണ്ട്.

ഇതിനിടെ കോവിഷീൽഡ് വാക്സിൻ നലകുന്നതിന്റെ ഇടവേള കൂട്ടണമെന്ന ശുപാർശയുമായി ഗവൺമെന്റ് പാനൽ. ഡോസുകളുടെ ഇടവേള 12 മുതൽ 16 ആഴ്‌ച്ചകൾ വരെ ആക്കണമെന്നാണ് പാനലിന്റെ ശുപാർശ. അതായത് ഏതാണ്ട് മൂന്ന് മുതൽ നാല് മാസങ്ങൾ വരെയുള്ള ഇടവേളകളിൽ രണ്ടാമത്തെ ഡോസ് എടുത്താൽ മതിയാകും. ദി നാഷണൽ ഇമ്മ്യൂണൈസേഷൻ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് എന്ന ഔദ്യോഗിക പാനലാണ് ഈ ശുപാർശ നൽകിയിരിക്കുന്നത്.

മൂന്ന് മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് കോവിഷീൽഡ് ഡോസേജിന്റെ ഇടവേളകൾ വീണ്ടും വർധിപ്പിക്കുന്നത്. 'മെച്ചപ്പെട്ട ഫലങ്ങൾ' ലഭിക്കുമെന്ന വാദത്തിൽ 28 ദിവസമെന്ന ഇടവേളയിൽ നിന്നും ആറ് മുതൽ എട്ട് ആഴ്ച വരെയുള്ള ഇടവേളയായി മാർച്ചിൽ ഇത് വർദ്ധിപ്പിച്ചിരുന്നു.