ന്യൂഡൽഹി: രാജ്യത്ത് ട്രെയിനുകളിൽ സുരക്ഷ സംവിധാനങ്ങൾ ആധുനിക വത്കരിക്കാനും അതിവേഗ ആശയവിനിമയത്തിനുമായി റെയിൽവേയ്ക്ക് 5 ജി സ്‌പെക്ട്രം അനുവദിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 700 ങഒ്വ ഫ്രീക്വൻസി ബാൻഡിൽ 5 ങഒ്വ സ്‌പെക്ട്രം റെയിൽവേക്ക് അനുവദിക്കാനാണ് തീരുമാനമായത്. പദ്ധതിയിലൂടെ രാജ്യത്തുടനീളം ട്രെയിനുകളിലും സ്റ്റേഷനുകളിലും പൊതുജന സുരക്ഷയും സുരക്ഷാ സംവിധാനങ്ങളും വർധിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

പുതിയ സ്‌പെക്ട്രം ഉപയോഗിച്ച് പാതകളിൽ മൊബൈൽ ട്രെയിൻ റേഡിയോ കമ്മ്യൂണിക്കേഷനിലൂടെ ആശയവിനിമയം സാധ്യമാക്കാനാണ് റെയിൽവേ വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിക്കായി ഏകദേശം 25,000 കോടി രൂപയിലേറെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതുവരെ ഇന്ത്യൻ റെയിൽവേ ഒപ്റ്റിക്കൽ ഫൈബറുകളാണ് ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്നതെങ്കിലും ആധുനിക സ്‌പെക്ട്രം റെയിൽവേയിലേക്ക് റേഡിയോ ആശയവിനിമയം കൊണ്ടുവരും. ഇതിലൂടെ തത്സമയ ആശയവിനിമയം സാധ്യമാകും. ഇത് സുരക്ഷ വർധിപ്പിക്കുകയും റെയിൽവേയെ മാറ്റിമറിക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

അപകടം ഒഴിവാക്കാൻ നൂതന ടി.സി.എ.എസ് (ട്രെയിൻ കൊളിഷൻ അവോയിഡൻസ് സിസ്റ്റം) സംവിധാനത്തിനും റെയിൽവേ അനുമതി നൽകി. തദ്ദേശീയമായി നിർമ്മിച്ച എടിപി (ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ) സംവിധാനമാണിത്. ഇതിലൂടെ ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനാകും. റെയിൽവേ ട്രാക്കുകളിലെ അപകടം കുറയ്ക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കും. നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് കൂടുതൽ ട്രെയിനുകൾ സർവീസ് നടത്താനുമാകും.

സുരക്ഷിതവും വിശ്വസനീയവുമായ ശബ്ദ, വീഡിയോ, വിവരങ്ങളിലുടെ ആശയവിനിമയ സേവനങ്ങൾ നൽകുക എന്നതാണ് റെയിൽവേ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ലോക്കോ പൈലറ്റും ഗാർഡുകളും തമ്മിൽ തടസമില്ലാതെ ആശയവിനിമയം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. സിഗ്‌നൽ സംവിധാനവും മാറും. കോച്ചുകളിൽ ഉൾപ്പെടെ സിസിടിവി ക്യാമറകൾ തത്സമയം നിരീക്ഷിക്കാനും ഇതുവഴി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കും.

രാജ്യത്ത് 5ജി പരീക്ഷണങ്ങൾക്ക് കേന്ദ്ര സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. 5ജി സാങ്കേതികവിദ്യയ്ക്കും സ്‌പെക്ട്രം ട്രയലിനുമാണു ടെലികോം സേവന ദാതാക്കൾക്ക് (ടിഎസ്‌പി) കേന്ദ്ര ടെലികോം ഡിപ്പാർട്ട്‌മെന്റ് അനുമതി നൽകിയത്. ഭാരതി എയർടെൽ, റിലയൻസ് ജിയോ ഇൻഫോകോം, വൊഡഫോൺ ഐഡിയ, എംടിഎൻഎൽ എന്നിവയ്ക്കാണ് ഗ്രാമീണ, അർദ്ധ നഗര, നഗര പ്രദേശങ്ങളിൽ 5ജി ട്രയൽ നടത്താൻ അനുമതി നൽകിയിരുന്നത്.

ചൈനീസ് കമ്പനികളെ ഒഴിവാക്കിയായിരുന്നു ട്രയലിന് അനുമതി നൽകിയിരിക്കുന്നത്. ട്രയലുകളുടെ കാലാവധി നിലവിൽ 6 മാസമാണ്. ഉപകരണങ്ങൾ സ്വന്തമാക്കുന്നതിനും സജ്ജീകരിക്കുന്നതിനുമുള്ള 2 മാസത്തെ സമയപരിധിയും ഇതിലുൾപ്പെടുന്നു.