ന്യൂഡൽഹി: സീറോ സർവേയിൽ ഡൽഹിയിലെ ജനസംഖ്യയുടെ 56% പേരിൽ കോവിഡിന് എതിരായ ആന്റിബോഡി കണ്ടെത്തി. ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജയിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ചാംവട്ട സീറോ സർവേ ഏതാനും ദിവസം മുൻപാണ് പൂർത്തിയായത്. വിവിധ ജില്ലകളിൽന്നായി 25,000ൽ അധികം പേരിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ ശേഖരിച്ചാണ് സർവേ നടത്തിയത്.

തെക്കൻ ഡൽഹിയിൽ 62.18 ശതമാനം പേരിലും വടക്കൻ ഡൽഹിയിൽ 49.09 ശതമാനം പേരിലും കോവിഡിനെതിരായ ആന്റിബൊഡി കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. കോവിഡിനെതിരെ ആർജിത പ്രതിരോധ ശേഷി കൈവരിച്ചേക്കുമെന്നാണ് അഞ്ചാംവട്ട സീറോ സർവേ വ്യക്തമാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, ആർജിത പ്രതിരോധ ശേഷി സംബന്ധിച്ച് ചർച്ച ചെയ്യാനുള്ള സാഹചര്യം എത്തിച്ചേർന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഒരു പ്രത്യേക പ്രദേശത്തെ ജനങ്ങളിൽ 50-60 ശതമാനത്തിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയാലാണ് ആർജിത പ്രതിരോധ ശേഷി നേടി എന്ന് കണക്കാക്കുന്നത്. കോവിഡ് പ്രതിരോധ നടപടികളിൽ വീഴ്ചവരുത്തരുതെന്നും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്നത് നിർബന്ധമായും തുടരണമെന്നും അദ്ദേഹം പറഞ്ഞു.