തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ 63 തടവുകാർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ജയിലിൽ ഇതോടെ 164 രോഗികളായി.അതേസമയം, പൂജപ്പുരയിലെ ജയിൽ ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചു. സെൻട്രൽ ജയിലിൽ നിന്നും ജയിൽ ആസ്ഥാന കാര്യാലയത്തിൽ ശുചീകരണത്തിനായി നിയോഗിച്ചിരുന്ന രണ്ട് തടവുകാർക്ക് കോവിഡ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് നടപടി. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് 3 ദിവസത്തേക്ക് ജയിൽ ആസ്ഥാനം അടച്ചിടാൻ തീരുമാനിച്ചതെന്ന് വകുപ്പ് മേധാവി ഋഷിരാജ് സിങ് പറഞ്ഞു.

അണുനശീകരണം പൂർത്തിയാക്കിയ ശേഷമാകും ആസ്ഥാനം വീണ്ടും തുറക്കുക. പൂജപ്പുര സെൻട്രൽ ജയിലിലും കോവിഡ് ആശങ്ക തുടരുകയാണ്. 41 തടവുകാർക്കും ഉദ്യോഗസ്ഥനും അടക്കമാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 51 തടവുകാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ജയിലിൽ കൂടുതൽ ആന്റിജൻ പരിശോധന നടത്തും. പൂജപ്പുര ജയിലിലുള്ള 975 തടവുകാർക്കും ടെസ്റ്റ് നടത്താനാണ് ജയിൽ വകുപ്പ് തീരുമാനം. സെൻട്രൽ ജയിലിലെ ഏഴാം ബ്ലോക്കിലെ 75 വയസ്സുള്ള ഒരു തടവുകാരന് ആന്റിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. രോഗം കണ്ടെത്തിയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് തടവുകാരെ അതേ ബ്ലോക്കിൽ തന്നെ നിരീക്ഷണത്തിൽ നിർത്തി. പിന്നീട് നടത്തിയ കോവിഡ് പരിശോധനയിലാണ് ഇത്രയും പേർക്കും ഒരു ജയിൽ ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചത്.