ബെംഗളൂരു നഗരത്തിലുണ്ടായ വാഹനാപകടത്തിൽ ഏഴ് മരണം.ബംഗളൂരുവിന്റെ തെക്കുകിഴക്കൻ ഭാഗമായ കോരമംഗല പ്രദേശത്ത് ചൊവ്വാഴ്ച വെളുപ്പിന് 2.30ഓടെയായിരുന്നു അപകടം. അമിത വേഗതയിൽ പാഞ്ഞെത്തിയ ആഡംബരക്കാർ റോഡിന് സമീപത്തെ കെട്ടിടത്തിന്റെ ചുമരിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. 

വാഹനത്തിലുണ്ടായിരുന്ന ആറുപേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലെത്തിച്ചതിന് ശേഷമാണ് മരിച്ചത്. മരിച്ചവരിൽ മൂന്ന് പേർ പെൺകുട്ടികളാണ്. കാറിലുണ്ടായിരുന്നവർ എല്ലാം 20 വയസുകാരാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

അതേസമയം, മരിച്ചവരിൽ ഒരാൾ തമിഴ്‌നാടിലെ എംഎൽഎയുടെ മകനാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഡിഎംകെ എംഎൽഎ വൈ പ്രകാശിന്റെ മകനാണ് മരിച്ചതെന്ന് തമിഴ്‌നാട് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബെംഗളൂരു നഗരത്തിലെ വിദ്യാർത്ഥികളാണ് മരിച്ചവർ എല്ലാവരുമെന്നാണ് വിവരം.