ന്യൂഡൽഹി: പിണറായി സർക്കാറിന്റെ തുടർഭരണം വന്നതോടെ കോൺഗ്രസ് അണികളിലും അനുഭാവികളിലും വ്യാപകമായി ഉണ്ടായ നിരാശ മാറ്റി പുതിയ ഉണർവും ആത്മവിശ്വാസവും ആവേശവും നൽകാൻ കെ. സുധാകരന്റെ നേതൃത്വത്തിലുള്ള കെപിസിസി നേതൃത്വത്തിന് കഴിയുമെന്ന് മുതിർന്ന നേതാവ് എ.കെ. ആന്റണി.

കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാൻ എല്ലാ കഴിവുകളും കെപിസിസി പ്രസിഡന്റിനും സഹപ്രവർത്തകർക്കും ഉണ്ടെന്നാണ് വിശ്വാസം. ഹൈകമാൻഡ് തീരുമാനം പൂർണമായി സ്വാഗതം ചെയ്യുന്നു. ഹൈകമാൻഡ് തെരഞ്ഞെടുത്ത സുധാകരനും വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദീഖ് എന്നിവർക്കും ആന്റണി ആശംസ നേർന്നു.