പാലക്കാട്: പ്രതിപക്ഷത്തെ വിമർശിച്ച് മന്ത്രി എ കെ ബാലൻ. പ്രതിപക്ഷത്തിന്റെ ഏത് നീക്കവും നേരിടാൻ എൽ.ഡി.എഫിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ പ്രതിപക്ഷം യോജിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി ബാലൻ പറഞ്ഞു. യു.ഡി.എഫിലെ ഘടകക്ഷികളൊന്നും ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും തരുന്നില്ല. ലീഗുകാർ സഹകരിച്ചാൽ കൂടുതൽ പണമെത്തുമായിരുന്നു. സകാത്ത് നൽകുന്ന ലീഗ് പോലും ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും തന്നില്ലെന്നും എ.കെ ബാലൻ പറഞ്ഞു.

ലൈഫ് പദ്ധതിയിൽ കമ്മീഷൻ കൊടുത്തവരും വാങ്ങിയവരും തമ്മിൽ സർക്കാരിന് ബന്ധമില്ല. റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലെ ധാരണാ പത്രം വിവരാവകാശം ചോദിച്ചാൽ കിട്ടും. കരാറിന് കേന്ദ്ര അനുമതി കിട്ടിയിട്ടുണ്ടോയെന്ന് അറിയില്ല. റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലെ കരാറിന് നിയമവകുപ്പിന് അനുമതി നൽകിയിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടില്ല. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട ഫയൽ നിയമമന്ത്രി കാണേണ്ടതില്ലെന്നും മന്ത്രിയല്ല നിയമോപദേശം നൽകുന്നതെന്നും എ.കെ ബാലൻ പറഞ്ഞു.

കോവിഡ് കാലത്ത് അവിശ്വാസ പ്രമേയം കൊണ്ടുവരുന്ന പ്രതിപക്ഷ നീക്കം രാജ്യദ്രോഹകരമായ സമീപനമാണ്. അവിശ്വാസ പ്രമേയം കൊണ്ട് സർക്കാരിന് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. പ്രതിപക്ഷത്തിന്റെ ഏത് നീക്കവും നേരിടാൻ എൽ.ഡി.എഫിന് സാധിക്കും. പ്രതിസന്ധി ഘട്ടത്തിൽ പ്രതിപക്ഷം യോജിച്ച് പ്രവർത്തിക്കണമെന്നും എ.കെ ബാലൻ പറഞ്ഞു.