തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനേയും വെല്ലുവിളിച്ച് മന്ത്രി എ കെ ബാലൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനവും മുല്ലപ്പള്ളി കെപിസിസി അദ്ധ്യക്ഷ സ്ഥാനവും രാജി വെയ്ക്കുമോ എന്നാണ് എ കെ ബാലൻ ചോദിച്ചത്.

എൽഡിഎഫിനെതിരായ ആരോപണം ജനം പുച്ഛിച്ച് തള്ളും. കേരള കോൺഗ്രസ് എം എൽഡിഎഫിൽ എത്തിയതോടെ ജനകീയ അടിത്തറ വിപുലപ്പെട്ടു. യുഡിഎഫിന്റെ ജമാ അത്ത് ബന്ധം മുസ്ലിം ലീഗ് അണികളിൽ തെറ്റായ സന്ദേശം നൽകും. ജമാ അത്തെ ഇസ്ലാമിയുമായുള്ള ബാന്ധവം കോൺഗ്രസിനും മുസ്ലിം ലീഗിനും നാശമാകും. എൽഡിഎഫിന് അനുകൂലമോ അല്ലയോ എന്ന ജനവിധിയാകും തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാകുകയെന്നും മന്ത്രി പ്രതികരിച്ചു.

ഇടതുമുന്നണി വലിയ ഭൂരിപക്ഷം നേടും. മറിച്ചായാൽ സർക്കാർ രാജിവെയ്ക്കണോയെന്ന് പ്രതിപക്ഷം ചോദിക്കട്ടെ. അപ്പോൾ മറുപടി പറയാമെന്നും അദ്ദേഹം പ്രതികരിച്ചു. ലൈഫ് മിഷൻ പദ്ധതി ഗുണഭോക്താക്കളുടെ മുന്നിൽ പോയി പ്രതിപക്ഷ നേതാക്കൾ കുറ്റം പറഞ്ഞാൽ ആളുകൾ അവരെ ആട്ടി വിടും. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഏതെങ്കിലും ഒരു മുന്നണി കേവല ഭൂരിപക്ഷത്തിൽ എത്തുമോയെന്ന് പറയാനാകില്ല. പാലക്കാട് ഒറ്റ നഗരസഭയും കിട്ടാത്ത അവസ്ഥ യുഡിഎഫിനുണ്ടാകുമെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.