കണ്ണൂർ: ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെ അതിശക്തമായി ന്യായീകരിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി' ഇപ്പോഴുള്ള വിവാദങ്ങൾ മാധ്യമങ്ങൾ വെറുതെയുണ്ടാക്കുന്ന കോലാഹലങ്ങളാണ്. മാധ്യമങ്ങൾ പറയുന്നത് പോലെ ലക്ഷ ദ്വീപിലെ ജനങ്ങൾ അഡ്‌മിനിസ്‌ട്രേറ്റർക്കെതിരാണെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും അബദുള്ളക്കുട്ടി വ്യക്തമാക്കി.

താനവിടെ പല തവണ പോയിട്ടുണ്ട്. തന്റെ അനുഭവത്തിൽ ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ദേശീയ നേതാവ് മുൻ ഇന്ത്യൻ പ്രധാന മന്ത്രി അടൽ ബിഹാരി വാജ്പേയ് ആണെന്നും അദ്ദേഹം പറഞ്ഞു. കാരണം അവർക്ക് ആധുനിക വികസനം എത്തിച്ചത് അദ്ദേഹമാണെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.

ലക്ഷദ്വീപ് നിവാസികൾക്ക് ആദ്യം രണ്ട് ചെറിയ കപ്പലുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിന് പകരമായി എട്ട് വലിയ കപ്പലുകൾ അനുവദിച്ചു. കപ്പലുകൾ നടുക്കടലിൽ നിർത്തി അവിടെ നിന്നും ബോട്ടിൽ ദ്വീപിലേക്ക് പോവുകയായിരുന്നു ആദ്യ കാലങ്ങളിലെ പതിവ്. ദ്വീപിൽ അക്കാലത്ത് ജെട്ടിയില്ലായിരുന്നു.

ബിജെപി ഗവർമെന്റാണ് അവർക്ക് ജെട്ടി സൗകര്യം കൊടുത്തത്. നരേന്ദമോദി ആ ദ്വീപിലെ ആളുകൾക്ക് കുടിവെള്ളമെത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബിൽഡിങ് നിയമങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടെങ്കിൽ മാത്രമേ വികസനങ്ങൾ അവിടെ നടപ്പാക്കാനാകൂവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

അവിടുത്തെ വികസനം ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമേ നടത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസം രാജ്യസഭാ എംപി വി.ശിവദാസ് ലക്ഷദ്വീപ് വിഷയത്തിൽ അഡ്‌മിനിസ്‌ട്രേറ്റർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തെഴുതുമെന്ന് പറഞ്ഞിരുന്നു ഇതിനെതിരെയുള്ള പ്രതികരണവുമായാണ് അബ്ദുള്ളക്കുട്ടി രംഗത്തുവന്നത്.