തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവെച്ച എ വി ഗോപിനാഥ് സിപിഎമ്മിലേക്ക് പോയേക്കില്ല. അദ്ദേഹത്തെ പാർട്ടിയിൽ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരാനാണ് കെ സുധാകരന്റെ തീരുമാനം. ഇതിനായി ഹൈക്കമാൻഡിന്റെ അനുമതി തേടി കെപിസിസി അധ്യക്ഷൻ. ഡൽഹിയിൽ നിന്നും പച്ചക്കൊടി ലഭിച്ചെന്നാണ് സൂചനകൾ. ഗോപിനാഥിനെ തിരികെ കൊണ്ടു വരാനുള്ള നീക്കങ്ങൾ ഹൈക്കമാൻഡ് കേരള നേതൃത്വത്തിന് അനുമതി നൽകിയിട്ടുണ്ട്. തന്നെ അത്രയെളുപ്പം കൈയൊഴിയാൻ ഗോപിനാഥിനാവില്ലെന്ന് പറഞ്ഞ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അനുനയസാധ്യതകൾ ഇന്നലെ തന്നെ സജീവമാക്കിയിരുന്നു.

കോൺഗ്രസ് അര നൂറ്റാണ്ടോളമായി ഭരിക്കുന്ന പഞ്ചായത്താണ് പെരിങ്ങോട്ടുകുറിശ്ശി. സിപിഎമ്മിന് ബാലികേറാ മലയായ ഈ പഞ്ചായത്ത് കൈവിടരുത് എന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഗോപിനാഥിനെ കൈവിടാതെ കോൺഗ്രസ് കാക്കുന്നത്. പാർട്ടി വിട്ടെങ്കിലും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണം കൈവിടാൻ ഗോപിനാഥും ഒപ്പമുള്ളവരും ഇതുവരെ തയ്യാറായിട്ടില്ല എന്നത് ഒത്തുതീർപ്പ് ചർച്ചകൾക്ക് ഗോപിനാഥ് തയ്യാറാണെന്ന സൂചന നൽകുന്നു. ഗോപിനാഥിനെ ഒപ്പം ചേർക്കാൻ സിപിഎം സന്നദ്ധമാണെങ്കിലും ആ നിലയിൽ അദ്ദേഹം തുടർനീക്കങ്ങൾ നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്. സുധാകരനുമായി ചർച്ചക്ക് തയ്യാറാണെന്ന നിലപാടിലാണ് ഗോപിനാഥ്.

അതേസമയം ഗോപിനാഥിനെ തിരികെയെത്തിക്കാനുള്ള നീക്കങ്ങളോട് എ ഗ്രൂപ്പിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. പിണറായി വിജയന്റെ ചെരുപ്പ് നക്കാൻ തയ്യാറാണെന്ന് പറഞ്ഞ ഗോപിനാഥിനെ തിരികെ കൊണ്ടു വരാനുള്ള നീക്കം അപഹാസ്യമാണെന്ന് എ ഗ്രൂപ്പ് വിമർശിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്തും തുടർന്നും പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഗോപിനാഥിനോട് മൃദുസമീപനവും പാർട്ടിയിലെ മറ്റു നേതാക്കളോട് കർക്കശ നിലപാടും എന്ന നില അംഗീകരിക്കാനാവില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ നിലപാട്.

ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച രാജ്‌മോഹൻ ഉണ്ണിത്താനെതിരെ കാസർകോട്ടേയും മലപ്പുറത്തേയും നേതാക്കൾ കെപിസിസിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. അതേസമയം പുനഃസംഘടനയെ വിമർശിച്ച കെപി അനിൽകുമാറിനേയും പിഎസ് പ്രശാന്തിനേയും കെ.ശിവദാസൻ നായരേയും കർക്കശമായി നേരിടുകയും ചെയ്തു പാർട്ടിയിൽ നിലനിൽക്കുന്ന ഈ ഇരട്ടനീതി ഗ്രൂപ്പുകൾ ചർച്ചാ വിഷയമാക്കി ഉയർത്തി കൊണ്ടു വരുന്നുണ്ട്. പിണറായിയുടെ ചെരുപ്പു നക്കാൻ തയ്യാറായ ആളെ തിരികെ കൊണ്ടുവരുമ്പോൾ, മറ്റുള്ളവരെ അവഗണിക്കുന്നുവെന്നാണ് എതിർ ഗ്രൂപ്പുകൾ ആരോപിക്കുന്നത്.

അതേസമയം എ.വി. ഗോപിനാഥിന് കോൺഗ്രസിലേക്ക് തിരിച്ചു വരാമെന്ന് കെപിസിസി പ്രചരണസമിതി തലവൻ കെ.മുരളീധരൻ പറഞ്ഞു. അർഹിച്ച സ്ഥാനം ഗോപിനാഥിന് പാർട്ടി നൽകും. അദ്ദേഹം അച്ചടക്കം ലംഘിച്ചിട്ടില്ല. പിണറായിയുടെ ചെരുപ്പ് നക്കും എന്നു പറഞ്ഞത് മാത്രമാണ് ഗോപിനാഥിന്റെ തെറ്റെന്നും മുരളീധരൻ പറഞ്ഞു. അതേസമയം ഗോപിനാഥ് താഴെ തട്ടിൽ നിറഞ്ഞ് നിന്ന് പ്രവർത്തിച്ചയാളാണെന്നും വലിയ ജനപിന്തുണയാണ് അദ്ദേഹത്തിനുള്ളതെന്നും സിപിഎം സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു.