പാലക്കാട്: കോൺഗ്രസുമായി ഉടക്കിനിന്ന എ വി ഗോപിനാഥിനെ ഒപ്പംനിർത്തി ഉമ്മൻ ചാണ്ടി. വിമതസ്വരം ഉയർത്തിയ ഗോപിനാഥുമായി ഉമ്മൻ ചാണ്ടി ചൊവ്വാഴ്ച അർധരാത്രി ചർച്ച നടത്തി. പതിനഞ്ചു മിനിറ്റ് മാത്രം നീണ്ടുനിന്ന ചർച്ചയ്ക്കൊടുവിൽ താൻ തൃപ്തനാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നും ഗോപിനാഥ് പ്രതികരിച്ചു. തനിക്ക് ചില ഉറപ്പുകൾ ലഭിച്ചിട്ടുണ്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.

രാത്രി ഏഴോടെ കോട്ടയത്ത് നിന്ന് പുറപ്പെട്ട ഉമ്മൻ ചാണ്ടി പന്ത്രണ്ടുമണിക്കാണ് പെരിങ്ങോട്ട് കുറിശ്ശിയിൽ എത്തിയത്. ഉമ്മൻ ചാണ്ടി എത്തുന്നതിന് മുൻപ്, രമേശ് ചെന്നിത്തലയും ഗോപിനാഥിനോട് ഫോണിലൂടെ സംസാരിച്ചിരുന്നു. കെ സുധാകരനും നേരത്തെ ചർച്ച നടത്തിയിരുന്നു.

ഗോപിനാഥിനെ പാർട്ടിക്ക് വേണമെന്നും സംഘടന ശക്തിപ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കുന്നതായും ഉമ്മൻ ചാണ്ടി പറഞ്ഞു. ഒന്നരമാസം മുൻപ്, ഗോപിനാഥിന് പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം നൽകാൻ കോൺഗ്രസ് പരിഗണിച്ചിരുന്നു. സ്ഥാനാർത്ഥിയാക്കാത്ത സാഹചര്യത്തിൽ, സ്ഥാനം നൽകി പ്രശ്നപരിഹാരത്തിനാണ് കോൺഗ്രസ് ആലോചിക്കുന്നത്.

രണ്ടാഴ്ചയിലേറെയായി കേരളത്തിൽ സജീവ ചർച്ചയായിരുന്നു പാലക്കാട്ടെ കോൺഗ്രസ് നേതാവായ എ വി ഗോപിനാഥ് ഉറക്കെപ്പറഞ്ഞ നിലപാടുകൾ. സംഘടനാപരമായ തിരുത്തലുകൾക്കൊപ്പം പുനഃസംഘടനവരെ കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ എ വി ഗോപിനാഥ് ഉന്നയിച്ചു. കെ സുധാകരൻ വന്ന് ചർച്ചനടത്തിയിട്ടും അയവുണ്ടാവാത്ത പ്രശ്‌നങ്ങൾക്കാണ് പരിഹാരമാകുന്നത്.

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കടുത്ത നടപടികളിലേക്ക് പോകരുതെന്ന് ഉമ്മൻ ചാണ്ടി ഗോപിനാഥിനോട് ആവർത്തിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഉന്നയിച്ച ആവശ്യങ്ങളിൽ ഹൈക്കമാൻഡ് നിർദ്ദേശങ്ങളോടെയുള്ള പരിഹാര നടപടികൾ ഉണ്ടാകും. അതുവരെ പാർട്ടിക്കൊപ്പമെന്ന് ഗോപിനാഥും വ്യക്തമാക്കുന്നു.

തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ കോട്ടയത്തുനിന്ന് ഉമ്മൻ ചാണ്ടിയെത്തിയതിനും മുമ്പേതന്നെ, നൂറോളം പ്രവർത്തകർ ഗോപിനാഥിന്റെ വീട്ടിലെത്തിയിരുന്നു. നേതാവിന്റെ നിലപാടറിയാൻ. പ്രശ്‌നപരിഹാരമായില്ലെങ്കിൽ കോൺഗ്രസ് വിടാനൊരുങ്ങിയ ഗോപിനാഥിന് പിന്തുണയേകി പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണസമിതി രാജിക്കൊരുങ്ങുക പോലും ചെയ്തിരുന്നു. ഒടുവിൽ ഇനി ശാന്തരായി ഉറങ്ങാമെന്ന് പ്രവർത്തകരോട് ഗോപിനാഥ് ആവർത്തിക്കുമ്പോഴും പാലക്കാട്ടെ കോൺഗ്രസിലെ പ്രശ്‌നങ്ങൾ പുതിയ ദിശയിലേക്ക് തിരിയുമെന്നാണ് വിലയിരുത്തൽ.