തിരുവനന്തപുരം: മുസ്ലിംലീഗിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ലീഗിനെതിരേയുള്ള മുഖ്യമന്ത്രിയുടെ വിമർശനം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ലാഭത്തിനായി മതേതര ചേരിയിലുള്ള മുസ്ലീങ്ങളെ ലീഗ് മതമൗലികവാദ ചേരിയിലേക്ക് വഴിമാറ്റിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും വിജയരാഘവൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെത് രാഷ്ട്രീയ നിലപാടാണ്. ആ രാഷ്ട്രീയ നിലപാടിന് സമൂഹ താത്പര്യമുണ്ട്. കേരളത്തിൽ മതമൗലികവാദം വളരാൻ പാടില്ല. ലീഗ് ശ്രമിച്ചത് എല്ലാ വർഗീയതയ്ക്കുമൊപ്പം സന്ധിചെയ്ത് കേരളത്തെ നിയന്ത്രിക്കാനാണ്. സ്വന്തം വർഗീയ വാദത്തിന്റെ കരുത്തിൽ കേരളത്തെതന്നെ നിയന്ത്രിക്കുക എന്ന നിഗൂഢ താത്പര്യം ലീഗിനുണ്ട്. കോൺഗ്രസ് അതിന് വിധേയമാകും. എന്നാൽ കേരളീയ സമൂഹം അതിനെ വിമർശിക്കുകയും എതിർക്കുകയും ചെയ്യുമെന്നും വിജയരാഘവൻ വ്യക്തമാക്കി.

ബിജെപിയുമായും ലീഗ് സഖ്യം ചെയ്യുകയുണ്ടായി. തികച്ചും അവസരവാദപരമായ രാഷ്ട്രീയം തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വീകരിച്ചത് ലീഗായിരുന്നു. കോൺഗ്രസ് ഇതിന്റെ ഫലം പറ്റിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മുന്നിൽ ഈ വസ്തുതകൾ ചൂണ്ടിക്കാണിച്ചതിലുള്ള വിഷമം കൊണ്ടുള്ള ചില പ്രതികരണങ്ങളാണ് കോൺഗ്രസ്, ലീഗ് നേതാക്കൾ നടത്തിയതെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമർശനവുമായി മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് നേരത്തെ രംഗത്തുവന്നിരുന്നു. പിണറായി വിജയനെ പോലെ വർഗീയത പറയുന്ന നേതാക്കൾ കേരളത്തിൽ വേറെയില്ലെന്ന് അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്ത് ഇന്നുവരെയില്ലാത്ത രാഷ്ട്രീയമായിട്ടുള്ള ദുഷ്പ്രചാരണങ്ങളാണ് നടക്കുന്നത്. ദുഷ്ടലാക്കോടുകൂടി ഒരു മുഖ്യമന്ത്രിക്ക് ചേരാത്ത പരാമർശമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. നിർഭാഗ്യകരമായ പ്രസ്താവനയായിപ്പോയി. ഇതുമായി മുന്നോട്ട് പോകുന്നത് സിപിഎമ്മിന് തന്നെ അപകടകരമായിരിക്കും.

സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാനുള്ള വർഗീയ പ്രചാരണമല്ല നടത്തേണ്ടത്. മുഖ്യമന്ത്രി പറയുന്നത് വി.മുരളീധരന്റെ അതേ വാചകങ്ങളാണ്. ഉത്തരേന്ത്യയിൽ ബിജെപി കളിക്കുന്ന വർഗീയ രാഷ്ട്രീയം സിപിഎം. പയറ്റുകയാണെന്നും മജീദ് കുറ്റപ്പെടുത്തി.