തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലും മയക്കുമരുന്നു കേസിലുമായി പ്രതിരോധത്തിലായ കേരളത്തിലെ ഇടതു സർക്കാർ പ്രതിപക്ഷത്തെ നേതാക്കളുടെ കേസുകൾ പൊടിതട്ടിയെടുത്ത് അഴിക്കുള്ളിലാക്കാനുള്ള തന്ത്രം മെനയുകയാണ്. ഇതിന്റെ ഭാഗമായാണ് ഫാഷൻ ഗോൾഡ് ജൂവലറി തട്ടിപ്പിൽ എം സി കമറുദ്ദീനെ അറസ്റ്റു ചെയ്തത്. പിന്നാലെ, മറ്റു നേതാക്കളെയും നോട്ടമിടുകയാണ് സർക്കാർ. ഇതിനായി വിജിലൻസിനെയും ക്രൈംബ്രാഞ്ചിനെയുമാണ് അവർ കൂട്ടുപിടിക്കുന്നത്.

പ്രതിപക്ഷത്തെ നോട്ടമിട്ട കാര്യം പരസ്യമായി പറഞ്ഞു കൊണ്ട് രംഗത്തുവന്നിരിക്കയാണ് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത എംസി കമറുദ്ദീൻ എംഎൽഎയെ പിന്തുണച്ച മുസ്ലിം ലീഗിനെതിരെയും കോൺഗ്രസിനെതിരെയും രൂക്ഷ വിമർശനമാണ് വിജയരാഘവൻ ഉന്നയിച്ചത്.

എംസി കമറുദ്ദീന്റെ അഴിമതിക്ക് മുസ്ലിം ലീഗ് കൂട്ടുനിൽക്കുകയാണെന്ന് വിജയരാഘവൻ പറഞ്ഞു. അഴിമതിയെ കച്ചവടത്തിലെ നഷ്ടമായാണ് ലീഗ് കാണുന്നത്. മുസ്ലിം ലീഗ് അഴിമതിയെ ന്യായീകരിച്ചപ്പോൾ കോൺഗ്രസ് മുസ്ലിം ലീഗിനെ പിന്തുണച്ച് രംഗത്ത് വന്നു. കമറുദ്ദീനെ മുസ്ലിം ലീഗ് ഭയപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കമറുദ്ദീന് പിന്നാലെ കെഎം ഷാജിയും ഇബ്രാഹിംകുഞ്ഞും ജയിലിൽ പോകും. സോളാർ ബാർ കോഴ കേസുകളിൽ യുഡിഎഫിന്റെ ഒരു ഡസൻ എംഎൽഎമാർ അകത്തുപോകുമെന്നും വിജയരാഘവൻ പറഞ്ഞു.സോളാർ കേസിൽ കുറ്റം ചെയ്തവരെ സ്വാഭാവികമായി അറസ്റ്റ് ചെയ്യും. അത് അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിക്കും. രാഷ്ട്രീയ തീരുമാനമല്ല ഉണ്ടാവേണ്ടതെന്നും വിജയരാഘവൻ പറഞ്ഞു. കമറുദ്ദീന്റെ അറസ്റ്റ് ഒരു തുടക്കം മാത്രമാണ്. വിവിധ കേസുകളിൽ പ്രതികളായ യുഡിഎഫിന്റെ മറ്റ് എംഎൽഎമാരും സ്വാഭാവികമായി അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. ഈ കേസുകളിൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും വിജയരാഘവൻ പറഞ്ഞു.

നിക്ഷേപ തട്ടിപ്പ് കേസിൽ എംഎൽഎ എംസി കമറുദ്ദീനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഹോസ്ദുർഗ് കോടതിയാണ് കമറുദ്ദീനെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.തെളിവുകൾ ശേഖരിക്കാൻ രണ്ടുദിവസത്തെ കസ്റ്റഡി അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം കമറുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പതിനൊന്നാം തിയ്യതിയിലേക്ക് മാറ്റി. പതിനൊന്നാം തിയ്യതി മൂന്ന് മണിക്ക് കമറുദ്ദീനെ കോടതിയിൽ ഹാജരാക്കാനും കോടതി നിർദേശിച്ചു

ഒളിവിൽ പോയ ഒന്നാം പ്രതിയും ഫാഷൻ ഗോൽഡ് എംഡിയുമായ പൂക്കോയ തങ്ങൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാൾക്കും മകനുമെതിരെ പൊലൂസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.