തിരുവനന്തപുരം: മുന്നോക്ക സംവരണ വിഷയത്തിൽ ഇടതു സർക്കാറിന്റെയും സിപിഎമ്മിന്റെയും നിലപാട് വ്യക്തമക്കി സിപിഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവൻ. മുന്നാക്ക സംവരണത്തിൽ ആക്ഷേപം ഉന്നയിക്കുന്നത് സംവരണ വിഭാഗത്തിലെ സമ്പന്നരാണെന്ന് അദ്ദേഹം പറഞ്ഞു. വർഗീയ ഏകോപനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണ് കേരളത്തിൽ ഇതിന് മുൻകൈ എടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമക്കി. മാധ്യമം ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് എ വിജയരാഘവൻ തന്റെ നിലപാട് അറിയിച്ചത്.

സംവരണ വിഷയത്തിൽ തർക്കമുണ്ടാക്കി ഇടതുപക്ഷത്തിന് എതിരായി പുതിയ ചേരിതിരിവ് സൃഷ്ടിക്കാനാവുമോ എന്ന് ശ്രമിക്കുന്നവരുടെ സൃഗാലബുദ്ധിയാണ് അത്. പരമാവധി സംവരണത്തിന്റെ ആനുകൂല്യം കിട്ടി ജീവിത നിലവാരം മെച്ചപ്പെടുത്തിയവരാണ് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ. ആ ജനവിഭാഗങ്ങളിൽ നല്ല ബഹുജന പിന്തുണയുടെ പാർട്ടിയാണ് സിപിഐ.എമ്മെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ.എമ്മിന്റെ പിന്നിൽ വലിയ ശക്തിയായി നിന്നവരാണ് ഈഴവവാദി പിന്നാക്ക ജാതി വിഭാഗങ്ങളും ദളിതരും. ഇപ്പോൾ എസ്.എൻ.ഡി.പി പിന്നാക്ക സംവരണത്തിനെതിരെ പരസ്യമായി രംഗത്തു വന്നിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ഈ പറഞ്ഞ എല്ലാ ജനവിഭാഗങ്ങൾക്കും സംവരണം ലഭിക്കാൻ മുൻകൈ എടുത്തത് സിപിഐ.എമ്മാണെന്നും മുസ്ലീങ്ങൾക്ക് ജനസംഖ്യാനുപാതിക സംവരണം ആദ്യം നടപ്പാക്കിയത് കേരളത്തിലാണെന്നുമായിരുന്നു വിജയരാഘവൻ പറഞ്ഞത്. അതിനാൽ സംവരണത്തിലെ സിപിഐ.എം നിലപാടിനെ കുറിച്ച് വേവലാതിപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജാതി അടിസ്ഥാനത്തിൽ മാത്രം ചിന്തിക്കുന്ന പാർട്ടിയല്ല കമ്യൂണിസ്റ്റ് പാർട്ടി. എല്ലാ ജാതിയിലും മതത്തിലും പാവപ്പെട്ടവരുണ്ട്. ജാതികൾ തമ്മിലുള്ള സംഘർഷമല്ല നമ്മുടെ നാട്ടിൽ നടക്കുന്നത്. പട്ടികജാതി/പട്ടികവർഗ വിഭാഗം അതിൽ വേറെയാണ്. അവർ സഹസ്രാബ്ദങ്ങളുടെ അടിച്ചമർത്തലിന് വിധേയരായവരാണ്. അവർക്കുള്ള സംവരണം അഭംഗുരം തുടരണം. പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിശ്ചയിച്ച അളവിൽ വിട്ടുവീഴ്ചയില്ലാതെ തുടരേണ്ടതാണ്. പട്ടികജാതി/പട്ടികവർഗം ഒഴികെ ബാക്കി എല്ലാ വിഭാഗങ്ങളിലും സമ്പന്നരും ദരിദ്രരുമുണ്ട്. ഈ ദരിദ്ര ജനവിഭാഗങ്ങളുടെ യോജിപ്പാണ് ഞങ്ങൾ നടത്തുന്നത്.

സംവരണത്തിലൂടെ ജോലി ലഭിക്കുന്ന ആളുകൾക്ക് ഇന്ന് കോൺഗ്രസും ബിജെപിയും നടപ്പാക്കുന്ന സാമ്പത്തിക നയങ്ങളിലൂടെ സംവരണത്തിന്റെ അളവ് എത്ര ചുരുങ്ങിപ്പോയി? അടച്ചുപൂട്ടുന്ന ഓരോ പൊതുമേഖലാ സ്ഥാപനവും സംവരണ തൊഴിൽ അവസരമല്ലേ നഷ്ടപ്പെടുത്തുന്നത്? സംവരണം വഴി ജോലി ലഭിക്കുന്നതിന്റെ അളവ് വലിയ തോതിൽ കുറഞ്ഞു. റെയിൽവേ പോലുള്ള സ്ഥാപനങ്ങളിൽ റിക്രൂട്ട്മെന്റ് നിശ്ചലമായി. റിക്രൂട്ട്മെന്റ് ഇല്ലെങ്കിൽ സംവരണം ലഭിക്കുമോ? അതല്ലേ മൗലിക വിഷയം. ഈ സാമ്പത്തിക നയത്തിന് എതിരായി സമരം രൂപപ്പെട്ടു വരേണ്ടതല്ലേ? സംവരണം എന്നൊരു വിഷയത്തെ മാത്രം വെച്ചുകൊണ്ടല്ല കാര്യങ്ങൾ കൈകാര്യം ചെയ്യുക.

ഇതിനോടൊപ്പം തന്നെ സംവരണേതര വിഭാഗത്തിലെ വളരെ പാവപ്പെട്ടവർക്കും സംവരണം കൊടുക്കണം. അവരിലെ സാമ്പത്തിക ക്രമിലെയർ പരിശോധിച്ച് അതിദരിദ്രർക്ക് കിട്ടുമെന്ന് ഉറപ്പാക്കുന്ന വിധത്തിലാവണം സംവരണം നടപ്പാക്കേണ്ടത്. ദരിദ്ര ജനവിഭാഗങ്ങളുടെ ആകെ കൂട്ടായ്മയെ ദുർബലപ്പെടുത്തുന്ന തരത്തിൽ സംവരണത്തിന്റെ പേരിൽ തർക്കം ഉണ്ടാക്കുക എന്നത് മത-ജാതി വർഗീയതയുടെ ഒരു രാഷ്ട്രീയ ശൈലിയാണ്. അതിനോട് സിപിഐ.എമ്മിന് യോജിക്കാൻ പറ്റില്ലെന്നും എ. വിജയരാഘവൻ അഭിമുഖത്തിൽ പറഞ്ഞു.