ന്യൂഡൽഹി: കോൺഗ്രസിന് രാജ്യത്തെ ബദൽ പാർട്ടിയാവാൻ കഴിയില്ലെന്ന് ആംആദ്മി പാർട്ടി നേതാവ് രാഘവ് ചദ്ദ. കോൺഗ്രസ് ഒരു ചത്ത കുതിരയായി കഴിഞ്ഞെന്നും രാഘവ് ചദ്ദ പറഞ്ഞു. അരവിന്ദ് കെജ്രിവാളിന് മാത്രമേ മോദിയെ വെല്ലുവിളിക്കാൻ കഴിയൂ. പ്രശാന്ത് കിഷോർ കോൺഗ്രസ് നേതൃത്വത്തോട് ചർച്ച നടത്തിയെന്ന വാർത്തളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിലേക്ക് എത്തുമെന്ന സൂചനകൾക്കിടെയാണ് പ്രശാന്ത് കിഷോർ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്‌ച്ച നടത്തിയത്. എംപി രാഹുൽഗാന്ധി, ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരും കൂടിക്കാഴ്‌ച്ചയിൽ പങ്കെടുക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. 2024ലെ പൊതുതെരഞ്ഞെടുപ്പിനും ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി പ്രശാന്ത് കിഷോറിനെ കോൺഗ്രസിലെത്തിക്കാനുള്ള ശ്രമങ്ങൾ നേരത്തേ ആരംഭിച്ചിരുന്നു.

പല തവണ ഇരുവരും കൂടിക്കാഴ്‌ച്ച നടത്തിയിരുന്നെങ്കിലും അന്തിമ തീരുമാനത്തിലെത്താതെ പിരിയുകയായിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മാത്രം കൈകോർക്കാനുള്ള ഒറ്റ കരാർ ആണ് കിഷോറിന് മുന്നിൽ വെക്കുകയെന്ന അഭിപ്രായമായിരുന്നു കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നിന്ന് ഉയർന്നിരുന്നത്. തന്ത്രജ്ഞന്റെ റോളിൽ നിൽക്കുക എന്നതിന് അപ്പുറത്തേക്ക് പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുന്നത് വിദൂര സാധ്യതയാണെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു.