കണ്ണൂർ: തളങ്കരയിലെ ഉരു വ്യവസായി തളങ്കരയിലെ ഹക്കീമിന്റെ ആകസ്മിക വിയോഗം കണ്ണൂരിനും കനത്ത നഷ്ടമായി. ബേപ്പുരിനും തളങ്കരയ്ക്കും പുറമേ മുപ്പതു വർഷം മുൻപ് കണ്ണൂർ അഴീക്കൽ തീരത്തും ഉരു- ബോട്ട് നിർമ്മാണ വ്യവസായമെത്തിക്കുകളായിരുന്നു തളങ്കരയിലെ അബ്ദുൽ ഹക്കീം'.

1990ലാണ് ഹക്കീം അഴീക്കൽ കപ്പ കടവിൽ സുൽക്കഷിപ്പ് യാർഡ് തുടങ്ങിയത്. മൂന്ന് പതിറ്റാണ്ടിനിടെയിൽ ഇരുപത്തിയഞ്ചോളം ജലയാനങ്ങൾ ഇവിടെ നിന്നും നിർമ്മിച്ച് നീറ്റിലിറക്കി. അത്യാധുനിക ഉരുക്കൾ ഗൾഫിലുള്ള ഷെയ്ക്കാനും കേന്ദ്ര സർക്കാരിനും ലക്ഷദ്വീപ് ഭരണകൂടത്തിനുമാണ് നിർമ്മിച്ച് നൽകിയത്. പാരമ്പര്യമായി കിട്ടിയ തൊഴിൽ വൈദഗ്ദ്ധ്യത്തെ സ്വന്തം നാടിന് അനുഗുണമായ വിധത്തിൽ പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപിച്ച വ്യവസായിയായിരുന്നു അബ്ദുൽ ഹക്കീം.

അമേരിക്കയിൽ നിന്നും മറൈൻ എന്ജിനിയറിങ് പാസായ ശേഷം പിതാവായ തളങ്കര അബ്ദുല്ലക്കുഞ്ഞിയുടെ ആഗ്രഹമനുസരിച്ചാണ് ഹക്കീം അഴീക്കലിൽ ഷിപ്പ് യാർഡ് തുടങ്ങിയത്. ഉരു നിർമ്മാണത്തിൽ വിദഗ്ദ്ധനായ ഹക്കീം തന്നെയാണ് ഉരുവിന്റെ രൂപകൽപ്പന ചെയ്തിരുന്നത്. നിലമ്പൂർ കാടുകളിലെ തേക്കാണ് ഉരു നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്നത്.

20 കോടി ചെലവിൽ 200 അടി നീളമുള്ള രണ്ട് ആഡംബര ബോട്ടുകൾ അഴീക്കൽ ഷിപ്പ് യാർഡിൽ നിർമ്മിച്ചു കൊണ്ടിരിക്കെയാണ് യു.എ.ഇ സന്ദർശനത്തിനെത്തിയ ഹക്കീമിനെ കൊ വിഡ് കവർന്നെടുത്തത്.ഗൾഫിലെ ഷെയ്ക്കിനു വേണ്ടിയാണ് ആഡംബര ബോട്ട് നിർമ്മിച്ചിരുന്നത്.ഇതിനുള്ളിൽ ഹെലിപ്പാഡ് സൗകര്യമടക്കം ഏർപ്പെടുത്തിയിരുന്നു.

പഠിക്കുന്ന കാലത്തു തന്നെ കെ.എസ്.യു മായും കോൺഗ്രസുമായും അടുത്ത ബന്ധം ഹക്കീം പുലർത്തിയിരുന്നു കെ.കരുണാകരൻ.എ കെ ആന്റണി, മുൻ പ്രധാനമന്തി രാജീവ് ഗാന്ധിയുടെ ഉപദേഷ്ടാവ് ആർ.കെ ധവാൻ എന്നിങ്ങനെ കോൺഗ്രസിന്റെ ദേശീയ സംസ്ഥാന നേതാക്കളുമായി ഈ പ്രവാസി വ്യവസായിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. തമിഴ്‌നാട് സർക്കാർ രണ്ടു വർഷം മുൻപ് മികച്ച ബിസിനസ് സംരഭകൻ എന്ന ബഹുമതി നൽകി ഹക്കീമിനെ ആദരിച്ചിരുന്നു.