തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ പ്രോസിക്യൂഷൻ ഭാഗം വിചാരണ അന്തിമഘട്ടത്തിലേക്ക്. സിബിഐ കേസ് അന്വേഷിച്ച കാലഘട്ടത്തിൽ അന്വേഷണ സംഘത്തിൽ അംഗങ്ങളായിരുന്ന അഡീഷണൽ. എസ്‌പി. പ്രേം കുമാർ, ഡി.വൈ.എസ്‌പി. കെ.ജെ.ഡാർവിൻ എന്നിവരെ തിരുവനന്തപുരം സിബിഐ കോടതി വെള്ളിയാഴ്ച വിസ്തരിച്ചു.

ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ.1992 മാർച്ച് 27 ന് കോട്ടയത്ത് പയസ് ടെന്റ് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അഭയ കേസിൽ ഇതുവരെ പ്രോസിക്യൂഷൻ ഭാഗത്തേക്ക് 47 സാക്ഷികളെയാണ് വിസ്തരിച്ചത്.

ഇനി കേസ് അന്വേഷിച്ച അഞ്ചു സിബിഐ ഉദ്യോഗസ്ഥരെക്കൂടി പ്രോസിക്യൂഷൻ സാക്ഷിയായി വിസ്തരിക്കുന്നതോടെ പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താരം പൂർത്തിയാകും. 2019 ഓഗസ്റ്റ് 26 ന് ആരംഭിച്ച കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലെത്തി. തിങ്കളഴ്ചയും വിചാരണ തുടരും.