തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂർ കുറ്റസമ്മതം നടത്തിയതിന് കോടതിക്ക് മുൻപിൽ ശക്തമായ തെളിവുണ്ടെന്ന് തിരുവനന്തപുരം സിബിഐ കോടതിയിൽ പ്രോസിക്യൂഷൻ വാദം ഉന്നയിച്ചു. സെഫിയും താനും ഭാര്യാഭർത്താക്കന്മാരെ പോലെയാണ് ജീവിച്ചതെന്നും തന്റെ ളോഹയ്ക്കുള്ളിൽ ഉള്ളത് കരിങ്കല്ല് അല്ലെന്നും താൻ ഒരു പച്ചയായ മനുഷ്യനാണെന്നും തനിക്ക് തെറ്റുപറ്റിയെന്നും ഒന്നാം പ്രതി ഫാ.കോട്ടൂർ നേരിട്ട് കുറ്റസമ്മതം നടത്തിയതിന് ശക്തമായ തെളിവുകൾ സിബിഐ കോടതിക്ക് മുൻപിൽ ഉണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അത് ഇന്ത്യൻ തെളിവു നിയമത്തിലെ എക്‌സ്ട്രാ ജുഡീഷ്യൽ കൺഫഷൻ (കോടതിക്കു പുറത്ത് മറ്റൊരാളോട് നടത്തുന്ന കുറ്റസമ്മതം) ആയി പരിഗണിക്കണമെന്നും ബോധിപ്പിച്ചു.

കന്യാചർമ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചതിന്റെ പിന്നിൽ സൈക്കോളജി പ്രൊഫസറായ ഫാ.കോട്ടൂരിന്റെ ക്രിമിനൽ ബുദ്ധിയാണെന്ന് പ്രോസിക്യൂഷൻ കോടതയിൽ ബോധിപ്പിച്ചു. ഫാ.തോമസ് കോട്ടൂർ,സിസ്റ്റർ സെഫി എന്നിവർക്കെതിരെയുള്ള സിബിഐ കോടതിയിൽ നടക്കുന്ന വിചാരണയിലെ പ്രോസിക്യൂഷൻ അന്തിമ വാദം ഇനി തിങ്കളാഴ്‌ച്ച തുടരും.

കേസിൽ പ്രതികൾക്കെതിരായ ഗൂഢാലോചന തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളിൻ മേലുള്ള വാദമാണ് ഇന്നലെ കോടതിയിൽ നടന്നത്. അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി ഹൈമനോപ്ളാസ്റ്റിക് സർജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത് കേസിൽ നിന്നും രക്ഷപ്പെടാൻ ആയിരുന്നെന്ന് പ്രോസിക്യൂഷൻ. പ്രതി സിസ്റ്റർ സെഫിയെ അറസ്റ്റ് ചെയ്ത ശേഷം സിബിഐ 2008 നവംബർ 25ന് വൈദ്യപരിശോധനക്ക് വിധേയയാക്കിയിരുന്നു.

ഇതിൽ സെഫി കന്യകയാണെന്ന് സ്ഥാപിച്ച് എടുക്കാൻ വേണ്ടി കന്യകാചർമ്മം കൃതിമമായി വച്ചു പിടിപ്പിക്കാനായി ഹൈമനോപ്ളാസ്റ്റിക് സർജറി നടത്തിയതായി തെളിഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ആലപ്പുഴ ഗവ.മെഡിക്കൽ കോളേജിലെ പൊലീസ് സർജനും പ്രോസിക്യൂഷൻ 29ാം സാക്ഷിയുമായ ഡോ.രമയും, കോളേജ് പ്രിൻസിപ്പലും പ്രോസിക്യൂഷൻ 19ാം സാക്ഷിയുമായ ഡോ.ലളിതാംബിക കരുണാകരനും സിബിഐ കോടതയിൽ മൊഴി നൽകിയത് അന്തിമ വാദത്തിൽ പ്രോസിക്യൂഷൻ കോടതിൽ ചൂണ്ടികാട്ടി.

പ്രതികൾ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. സിസ്റ്റർ സെഫി കന്യകയാണെന്ന് സ്ഥാപിച്ചെടുത്ത് കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് സെഫി കന്യകാചർമ്മം കൃത്രിമമായി വച്ചു പിടിപ്പിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടികാട്ടി. ഇതിന് ആവശ്യമായ ശക്തമായ തെളിവുകൾ കോടതിക്ക് മുമ്പിൽ സമർപ്പിച്ചിട്ടുണ്ടെന്ന് പ്രേസിക്യൂഷൻ വാദം നടത്തി.

തിരുവനന്തപുരം സിബിഐ കോടതിയിൽ അഭയ കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കെതിരെ നടത്തുന്ന വിചാരണയിൽ പ്രോസിക്യൂഷൻ അന്തിമ വാദം നാളെയും തുടരും. 1992 മാർച്ച് 27 ന് വെളുപ്പിന് 4.15 നാണ് സംഭവം. പയസ് ടെൻത് കോൺവന്റിൽ പഠിക്കുന്നതിന് വേണ്ടി പുലർച്ചെ ഉണർന്ന അഭയ അടുക്കളയിലുള്ള ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്ത് കുടിക്കുമ്പോഴാണ് കാണരുതാത്ത കാഴ്ച കണ്ടത്.

അടുക്കളയോട് ചേർന്ന മുറിയിലെ താമസക്കാരിയായ (കേസിലെ മൂന്നാം പ്രതി) സിസ്റ്റർ സെഫിയും (ഒന്നാം പ്രതി) ഫാ.തോമസ് കോട്ടൂരും തമ്മിലുള്ള ലൈംഗികബന്ധം കാണാൻ ഇടയായതാണ്സിസ്റ്റർ അഭയ കൊല്ലപ്പെടാൻ കാരണം. ഇതിന് ശക്തമായ തെളിവുകളും പ്രോസിക്യൂഷൻ സാക്ഷിമൊഴികളും കോടതിക്ക് മുൻപിൽ ഉണ്ടെന്ന് സിബിഐ പ്രോസിക്യൂട്ടർതിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ.സനൽ കുമാർ മുൻപാകെവാദിച്ചിരുന്നു.

സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ അഞ്ചു മണിക്ക് ശേഷം ഫാ.തോമസ് കോട്ടൂരും, ഫാ.ജോസ് പൂതൃക്കയിലുംകോൺവെന്റിന്റെ സ്റ്റെയർകേസ് വഴിടെറസിലേയ്ക്ക് കയറിപോകുന്നത്കണ്ടു എന്ന മൊഴിയുണ്ട്. പ്രോസിക്യൂഷൻ മൂന്നാം സാക്ഷി അടയ്ക്കരാജു സിബിഐ കോടതിയിൽ മൊഴി നൽകിയ കാര്യം എടുത്തുപറഞ്ഞു. പ്രോസിക്യൂഷൻ ഭാഗത്തേക്ക് ഹാജരാക്കിയതും കോടതി അക്കമിട്ട് തെളിവിൽ സ്വീകരിച്ച രേഖകളുടെയും പ്രോസിക്യൂഷൻ ഭാഗത്തേക്ക് വിസ്തരിച്ച 49 സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ വാദം ഉന്നയിക്കുന്നത്.