കൊച്ചി: കാലത്തിന്റെ മാറ്റൊലി കേൾക്കാൻ തയ്യാറാകണം- യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അബിൻ വർക്കി കോടിയാട്ട് ട്വന്റി ട്വന്റിയുടെ നേട്ടത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്. കിഴക്കമ്പലത്തിന് പിന്നാലെ ഐക്കര നാട് പിടിച്ച ട്വന്റി ട്വന്റി മികവിന് പിന്നിലെ കാരണങ്ങൾ വിലയിരുത്തുകയാണ് ഈ യൂത്ത് കോൺഗ്രസ് നേതാവ്. 20-20 എന്നത് വിഷം പുരട്ടിയ പഴം ആണെങ്കിൽ പോലും ആ പ്രസ്ഥാനത്തിന്റെ വിജയം സത്യത്തിൽ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഒരു പുനർ വിചിന്തിനത്തിന്റെ അവസരമാണെന്ന് അബിൻ വിശദീകരിക്കുന്നു.

പിറവം മേഖലയിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് നേതാവാണ് അബിൻ. എൻ എസ് യുവിന്റെ ദേശീയ സെക്രട്ടറിയുമായിരുന്നു. ജനങ്ങൾക്ക് ' എനിക്ക് എന്ത് കിട്ടുന്നു ' എന്നതാണ് നോക്കേണ്ടതുള്ളു അല്ലാതെ കേരളത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അമേരിക്കയിൽ ബൈഡൻ ജയിച്ചതോ ഇറാനിൽ മൊസാദ് ഓപ്പറേഷൻ നടത്തിയതോ ഒന്നും അവർ വിഷയമാക്കുന്നില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളോടും , നേതാക്കന്മാരോടും പൊതുവേ ജനങ്ങൾക്ക് പുച്ഛമാണ് എന്ന യാഥാർത്ഥ്യം നമ്മൾ മനസിലാക്കണം. ( അതിൽ എംഎ‍ൽഎ മാരും എംപി മാരും ഉൾപ്പെടുന്നില്ല )-അബിൻ ഫെയ്‌സ് ബുക്കിൽ കുറിക്കുന്നു.

അബിൻ വർക്കി കോടിയാട്ടിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

കാലത്തിന്റെ മാറ്റൊലി കേൾക്കാൻ തയ്യാറാകണം.

20-20 എന്നത് വിഷം പുരട്ടിയ പഴം ആണെങ്കിൽ പോലും ആ പ്രസ്ഥാനത്തിന്റെ വിജയം സത്യത്തിൽ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഒരു പുനർ വിചിന്തിനത്തിന്റെ അവസരമാണ്. എന്തുകൊണ്ടാണ് മാസങ്ങൾക്ക് മുന്നേ മാത്രം ഉണ്ടായ ഒരു പ്രസ്ഥാനത്തിന് സ്ഥാനാർത്ഥികളെ പോലും കാണാതെ , അവരുടെ മെറിറ്റ് നോക്കാതെ ജനങ്ങൾ വോട്ട് ചെയ്തു ?

ഈ നാട്ടിൽ വർഗീയത മാത്രമല്ല രാഷ്ട്രീയ വിഷയം എന്ന് ആദ്യം രാഷ്ട്രീയ പാർട്ടികൾ മനസിലാക്കണം. ഒരു വണ്ടി ആക്സിഡന്റ് നടന്നാൽ പോലും ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയത വിഷയമാകുന്ന ഈ കാലഘട്ടത്തിൽ പക്ഷെ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നില്ല എന്നതാണ് വസ്തുത.

ജനങ്ങൾക്ക് ' എനിക്ക് എന്ത് കിട്ടുന്നു ' എന്നതാണ് നോക്കേണ്ടതുള്ളു അല്ലാതെ കേരളത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അമേരിക്കയിൽ ബൈഡൻ ജയിച്ചതോ ഇറാനിൽ മൊസാദ് ഓപ്പറേഷൻ നടത്തിയതോ ഒന്നും അവർ വിഷയമാക്കുന്നില്ല.
എല്ലാ രാഷ്ട്രീയ പാർട്ടികളോടും , നേതാക്കന്മാരോടും പൊതുവേ ജനങ്ങൾക്ക് പുച്ഛമാണ് എന്ന യാഥാർത്ഥ്യം നമ്മൾ മനസിലാക്കണം. ( അതിൽ എംഎ‍ൽഎ മാരും എംപി മാരും ഉൾപ്പെടുന്നില്ല).

രാവിലെ തൊട്ട് അലക്കി തേച്ച മുണ്ടും ഷർട്ടും ഇട്ട് മുഴുവൻ സമയ രാഷ്ട്രീയക്കാരൻ ആണ് എന്ന് പറഞ്ഞാൽ തന്നെ ഇന്നത്തെ കാലത്ത് വലിയ മോശമാണ്. അങ്ങനെ ഉള്ളവരോട് ജനങ്ങൾ ചോദിക്കുന്നത് എന്താണ് നിങ്ങളുടെ വരുമാനം എന്നതാണ്. ഞാൻ പാർട്ടിയുടെ പ്രസിഡന്റ് ആണ് സെക്രട്ടറി ആണ് എന്ന് മറുപടി പറഞ്ഞാൽ അവർ ആദ്യം ചിന്തിക്കുന്നത് നമ്മൾ രാഷ്ട്രീയം വിറ്റ് ജീവിക്കുന്നവർ ആണെന്നാണ്.

പിന്നെ ഈ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമുള്ള രാഷ്ട്രീയ പ്രവർത്തനം നിർത്തി നാട്ടുകാരെ വല്ലപ്പോഴും , കൃത്യമായി കാണാനും സംവാദിക്കാനുമുള്ള ഒരു സിസ്റ്റം രാഷ്ട്രീയ പാർട്ടികൾ ഉണ്ടാക്കണം കാരണം 20-20 പോലെയുള്ള പ്രസ്ഥാനങ്ങൾ ഈ ഒരു കാര്യത്തിന് മാത്രം മെമ്പറിന് പുറമെ 2 പെയ്ഡ് എക്‌സിക്യൂട്ടീവുകളെയാണ് ഒരു വാർഡിൽ നിയോഗിക്കുന്നത്. രാഷ്ട്രീയം എന്നത് പരമ്പരാഗത ശൈലിയിൽ തന്നെ നടത്തണം എന്നത് മിഥ്യാ ധാരണയാണ്. പ്രകടനവും , രാഷ്ട്രീയ വിശദീകരണ യോഗവും , ലാത്തി ചാർജും മാത്രമല്ല രാഷ്ട്രീയം. ജനങ്ങളുമായിയുള്ള സംവാദമാണ് ഇന്നത്തെ രാഷ്ട്രീയം. അതിന് ഏത് മാർഗവും സ്വീകരിക്കാം.

20-20 എന്നത് എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശത്തുള്ള ഒരു പ്രതിഭാസമായിയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിലയിരുത്തുന്നത് എങ്കിൽ അത് തന്നെ ഏറ്റവും വലിയ മണ്ടത്തരമാണ്. ഇത് കേരളത്തിലെ ജനങ്ങളുടെ പൊതു വികാരമാണ്. അതിന് ഈ 20-20 വേണമെന്നില്ല. മറ്റ് പല പേരുകളിൽ മറ്റ് പല ഭാവങ്ങളിൽ എല്ലാ പ്രദേശത്തും ഇത് വന്ന് തുടങ്ങും.

ജനം ഇന്ന് മാറ്റി കുത്താൻ തയ്യാറാണ്. രാഷ്ട്രീയ ഭേദമെന്യേ. അതിന് അവർക്ക് വിശ്വാസ്യതയുള്ള ഒരു മുഖം വേണമെന്ന് മാത്രം. ജനത്തിന് രാഷ്ട്രീയക്കാരോട് വെറുപ്പില്ല. പക്ഷെ ഇനിയും ഒരു ശൈലി മാറ്റം രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവലമ്പിച്ചില്ലെങ്കിൽ ഇതൊരു വെറുപ്പിലേക്ക് മാറും എന്നതിൽ ആർക്കും സംശയം വേണ്ട. അതുകൊണ്ട് തന്നെ പുതിയ കാലത്തിന്റെ മാറ്റൊലി കേൾക്കാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാകണം.
ചയ: ഇത് 20-20 ക്കുള്ള ഗുഡ് സർട്ടിഫിക്കറ്റ് ആണെന്ന് ആരും കരുതരുത്.

രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എലി വിഷം ആണെങ്കിൽ 20-20 ഫ്യൂരിടാൻ ആണ്. അത് തെളിയുന്ന കാലം അതിവിദൂരമല്ല. കിഴക്കമ്പലം കണ്ടിട്ടില്ലാത്ത ആളുകൾ , സൈബർ തള്ളുൾ കണ്ടിട്ട് പുകഴ്‌ത്തുന്ന 20-20 എന്നത് ഒരു ചീട്ട് കൊട്ടാരമാണ്. അതിനെ കുറിച്ച് പിന്നെ പറയാം. പക്ഷെ അതിന് മുന്നേ ഞാൻ ഉൾപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സ്വയവിമർശനത്തോടെ തെറ്റുകൾ തിരുത്തേണ്ടതുണ്ട്