അബുദാബി: റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായുള്ള പൊലീസിന്റെ ശ്രമങ്ങളുടെ ഭാഗമായി അബുദാബിയിലെ റോഡുകളിൽ 700ലേറെ ട്രാഫിക് റഡാറുകൾ സ്ഥാപിക്കും. ഒരേസമയം ഒന്നിലധികം ട്രാഫിക് ലേനുകൾ നിരീക്ഷിക്കാൻ ശേഷിയുള്ള സൂക്ഷ്മതയുള്ള ക്യാമറകളാണ് ഈ റഡാറിലുള്ളത്. ഇതുവഴി റോഡപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

കാലാവസ്ഥാ നിരീക്ഷണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും മെറ്റാഫ്യൂഷൻ എന്ന് വിളിക്കുന്ന ഈ അത്യാധുനിക ഉപകരണം വാഗ്ദാനം ചെയ്യുന്നു. അബുദാബിയുടെ റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിൽ ട്രാഫിക് റഡാറുകൾ സ്ഥാപിക്കുന്നത്.

റോഡ് സുരക്ഷ, ഡ്രൈവർമാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ എന്നിവ ഉറപ്പാക്കാനുള്ള അബുദാബി പൊലീസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പദ്ധതിയെന്നും ലോകത്തെ ഏറ്റവും മികച്ച രാജ്യമാക്കി യുഎഇയെ മാറ്റാനുള്ള വികസന പ്രവർത്തനങ്ങളോട് യോജിച്ച് പോകുന്നതാണെന്നും അബുദാബി പൊലീസിലെ സെക്യൂരിറ്റി സിസ്റ്റംസ് വിഭാഗത്തിലെ ട്രാഫിക് ടെക്നിക്കൽ സിസ്റ്റംസ് സെക്ഷൻ മേധാവി മേജർ മുഹമ്മദ് അബ്ദുള്ള അൽ സാബി പറഞ്ഞു.