അബുദാബി: അബുദാബി എമിറേറ്റിന് ഇനി സ്വന്തം ഇന്റർനെറ്റ് ഡൊമൈൻ. ഇനി മുതൽ 'ഡോട്ട് അബുദാബി' എന്നായിരിക്കും ഇന്റർനെറ്റിലെ അബുദാബിയുടെ മേൽവിലാസം. പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും അബുദാബിയെക്കുറിക്കുന്ന ഇന്റർനെറ്റ് വിലാസങ്ങളിൽ ഇനി പുതിയ ഡൊമൈൻ ഉപയോഗിക്കാം.

ടൂറിസം, സാംസ്‌കാരികം, സാമ്പത്തികം തുടങ്ങിയ രംഗങ്ങളിലെല്ലാം പുതിയ ഡൊമൈൻ ലഭ്യമാവും. സ്വദേശികൾക്കും പ്രവാസികൾക്കും തൊഴിലുടമകൾക്കും പ്രാദേശിക ബിസിനസ് അവസരങ്ങളിൽ താത്പര്യമുള്ള സ്ഥാപനങ്ങൾക്കും അബുദാബിയിൽ വർഷാവർഷം സംഘടിപ്പിക്കപ്പെടുന്ന പരിപാടികൾ, ഫെസ്റ്റിവലുകൾ, മേളകൽ തുടങ്ങിയവയ്‌ക്കെല്ലാം പുതിയ ഡൊമൈൻ ഉപയോഗിക്കാമെന്ന് അബുദാബി ഡിജിറ്റൽ അതോരിറ്റി അറിയിച്ചു.

അബുദാബിയിലെ എല്ലാ കമ്പനികളോടും തങ്ങളുടെ വെബ്‌സൈറ്റുകൾ പുതിയ ഡൊമൈനിൽ രജിസ്റ്റർ ചെയ്യാനും ഡൊമൈൻ നെയിമുകൾ സ്വന്തമാക്കാനും അബുദാബി ഡിജിറ്റൽ അതോരിറ്റി ചെയർമാൻ മുഹമ്മദ് അബ്ദുൽഹമീദ് അൽ അസ്‌കർ ആഹ്വാനം ചെയ്തു. www.nic.abudhabiഎന്ന വെബ്‌സൈറ്റ് വഴി ഡൊമൈൻ നെയിമുകൾ രജിസ്റ്റർ ചെയ്യാം.