കൊച്ചി: കാറിന് പിന്നിൽ കെട്ടിവലിച്ച നായയെ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ കണ്ടെത്തി. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയ ആനിമൽ വെൽഫയർ ഓർഗനൈസേഷൻ പ്രവർത്തകരാണ് പരിക്കേറ്റ നായയെ കണ്ടെത്തിയത്. കാറിൽ കെട്ടിവലിച്ച വീഡിയോ ലഭിച്ചതോടെ 'ദയ' പ്രവർത്തകർ നായയെ കണ്ടെത്താൻ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. സംഘടനയുടെ വൈസ് പ്രസിഡന്റും പറവൂർ സ്വദേശിയുമായ ടി.ജെ. കൃഷ്ണനാണ് ഇതിന് നേതൃത്വം നൽകിയത്. ഉച്ചയ്ക്ക് രണ്ടരയോടെ തിരച്ചിൽ ആരംഭിച്ച മൃഗസംരക്ഷണ പ്രവർത്തകർക്ക് വൈകിട്ട് അഞ്ച് മണിയോടെയാണ് നായയെ കണ്ടെത്താനായത്. ഉടൻതന്നെ ഇവർ ഭക്ഷണവും മറ്റും നൽകി പറവൂർ മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയ്ക്കായി നായയെ നാളെ തൃപ്പുണിത്തുറയിലെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് 'ദയ' പ്രവർത്തകർ പറഞ്ഞു.

കാറിൽ കെട്ടിവലിച്ച നായയുടെ പിന്നാലെ ഓടിയ നായയെയും തങ്ങൾക്ക് കണ്ടെത്താനായതായി 'ദയ' പ്രവർത്തകർ പറഞ്ഞു. രണ്ട് നായകളും നിലവിൽ 'ദയ' പ്രവർത്തകരുടെ പരിപാലനത്തിനലാണ്. പറവൂരിലെ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും 'ദയ' പ്രവർത്തകർ അറിയിച്ചു.കഴിഞ്ഞദിവസം മൂവാറ്റുപുഴയിൽ ഇറച്ചിവെട്ടുകാരൻ നായയെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിലും 'ദയ' പ്രവർത്തകർ ഇടപെട്ടിരുന്നു. അതേസമയം, മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവർക്ക് മതിയായ ശിക്ഷ ഉറപ്പുവരുത്തുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നായയെ കാറിന് പിന്നിൽ കെട്ടിവലിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തെന്ന് പൊലീസ് വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനവും വാഹന ഉടമയെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചെങ്ങമനാട് പൊലീസ് പറഞ്ഞു. ആരാണ് വാഹനമോടിച്ചിരുന്നതെന്ന് സ്ഥിരീകരിച്ചാൽ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. കുന്നുകര സ്വദേശി യൂസഫ് എന്നയാളുടെ പേരിലുള്ളതാണ് വാഹനം. ഇയാൾ ഒളിവിൽ പോയെന്നാണ് സൂചന.

നെടുമ്പാശേരി അത്താണിക്ക് സമീപം ചാലയ്ക്ക എന്ന സ്ഥലത്ത് വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ അഖിൽ എന്ന യുവാവാണ് ഈ ദൃശ്യം പകർത്തിയത്. അത്താണിയിലൂടെ സഞ്ചാരിക്കുന്നതിനിടെയാണ് ഒരു നായയെ കാറിൽ കെട്ടിവലച്ചു കൊണ്ടു പോകുന്ന അഖിലിന്റെ ശ്രദ്ധയിൽപ്പെടുന്നത്. സംഭവം മൊബൈൽ പകർത്തിയ യുവാവ് ഇടപെട്ട് കാർ നിർത്തിയെങ്കിലും കാർ ഡ്രൈവർ അഖിലിനോട് കയർത്തു സംസാരിച്ചു. എന്നാൽ കൊടും ക്രൂരത ചോദ്യം ചെയ്തുള്ള നിലപാടിൽ അഖിൽ ഉറച്ചു നിന്നതോടെ ഇയാൾ നായയെ അവിടെ ഉപേക്ഷിച്ചു പോയി.

ഏതാണ്ട് അറുന്നൂറ് മീറ്ററോളം നായയെ കാറിൽ കെട്ടിവലിച്ചു കൊണ്ടു പോയി എന്നാണ് അഖിൽ പറയുന്നത്. സംഭവത്തിൽ അഖിൽ മൃഗസംരക്ഷണവകുപ്പിൽ പരാതി നൽകിയിട്ടുണ്ട്. കാർ ഡ്രൈവർ കയറൂരി വിട്ടപ്പോൾ വിരണ്ടോടിയ നായയെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഒരുപാട് ദൂരം ഓടിയ നായ പിന്നീട് തളർന്ന് നിലത്തു വീണെങ്കിലും പിന്നെയും കാറിൽ കെട്ടിവലിച്ചു കൊണ്ടു പോയിട്ടുണ്ട്. അതിനാൽ സാരമായ പരിക്ക് നായക്കേറ്റെന്നാണ് അഖിൽ പറയുന്നത്.

നായയെ കഴുത്തിൽക്കുരുക്കിട്ട് കാറിൽ കെട്ടിവലിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നെടുമ്പാശേരി അത്താണിക്കുസമീപം ചാലാക്കയിലാണ് മിണ്ടാപ്രാണിയോട് ഈ കൊടുംക്രൂരത. ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ടാക്സികാറിലാണ് നായയെ കെട്ടിവലിച്ചത്. വേഗത്തിൽ പോകുന്ന കാറിന് പിന്നിലാണ് നായയെ കെട്ടി വലിച്ച് കൊടും ക്രൂരത നടന്നത്. വെയിലത്ത് ടാറിട്ട റോഡിലൂടെ കാറിന് പിന്നാലെ നായ ഓടുന്നതാണ് ദൃശ്യങ്ങൾ. നായയുടെ കഴുത്തിൽ കെട്ടിയ കയർ ഓടുന്ന കാറുമായും ബന്ധിപ്പിച്ചിട്ടുണ്ട്. നായ തളർന്നു വീണിട്ടും കാർ മുന്നോട്ടുപോകുന്നതും കാണാം. കാർ തടഞ്ഞ ശേഷം യുവാവ് ഡ്രൈവറോട് സംസാരിക്കുന്നതും വിഡിയോയിൽ കാണാം.

മനുഷ്യൻ എന്ന ഏറ്റവും ദയാരഹിതനായ ജീവി. നല്ല സ്പീഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ പിറകിൽ ജീവനുള്ള നായയെ കെട്ടിവലിച്ചിഴച്ചു നരകിപ്പിക്കുന്നു. ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ അത്താണി പറവൂർ റൂട്ടിൽ ചാലാക്ക മെഡിക്കൽ കോളജിനടുത്ത് വച്ച് നടന്ന സംഭവമാണ്..'. ഈ വിഡിയോ ഫേസ്‌ബുക്കിൽ പങ്കുവച്ച് സാമൂഹ്യപ്രവർത്തക അഡ്വ.രശ്മിത രാമചന്ദ്രൻ എഴുതിയ കുറിപ്പിൽ പറയുന്നു. 04842474057 എന്ന നമ്പറിൽ ചെങ്ങമനാട് പൊലീസ് സ്റേറഷനുമായി ബന്ധപ്പെട്ടപ്പോൾ ചില മൃഗ സ്നേഹി സംഘടനകൾ ഇടപെട്ടിട്ടുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്യുന്നെന്നും അറിഞ്ഞു. വാഹനം കണ്ടെടുത്തെന്നും പ്രതിയെ കാണാൻ സാധിച്ചില്ലെന്നും പൊലീസ് പറഞ്ഞു- രശ്മിത രാമചന്ദ്രൻ കുറിച്ചു, സംഭവത്തിൽ നിരവധി പേരാണ് പ്രതിഷേധം അറിയിച്ച് രം​ഗത്തെത്തിയത്.