മറയൂർ : മറയൂർ - മൂന്നാർ റോഡിൽ കോടമഞ്ഞ്. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഒന്നര മണിക്കൂർ ഗതാഗതം മുടങ്ങി.മൂന്നാറിൽ നിന്ന് തിരിച്ചു പോയ കാറും പാലക്കാട്ടിൽ നിന്ന് മറയൂർ വഴി മൂന്നാറിലേക്ക് പോയ വിനോദസഞ്ചാരികളുടെ കാറും തമ്മിലാണു കൂട്ടിയിടിച്ചത്. വഴി കാണാൻ കഴിയാത്തവിധം കോടമഞ്ഞ് മൂടിയിരിക്കുന്നതാണ് കാറുകൾ തമ്മിൽ കൂട്ടിയിടിക്കാൻ കാരണം.പൊലീസെത്തി വാഹനങ്ങൾ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിൽ ആർക്കും പരുക്കില്ല.

മറയൂർ - മൂന്നാർ റോഡിൽ തലയാർ മുതൽ എട്ടാംമൈൽ നൈമക്കാട് വരെ കോടമഞ്ഞ് മൂടിയിരിക്കുന്നത് ഇതുവഴിയുള്ള ഗതാഗതം ദുഷ്‌കരമാക്കുന്നു. മൂന്നാർ, മറയൂർ, കാന്തല്ലൂർ മേഖലകളിൽ നവംബർ,ഡിസംബർ, ജനുവരി മാസങ്ങളിൽ കോടമഞ്ഞിറങ്ങുന്നതു പതിവാണ്. ശൈത്യകാലം ആസ്വദിക്കാൻ മേഖലയിൽ വിനോദസഞ്ചാരികളുടെ ഒഴുക്കും വർധിക്കുന്നു.

അവധി ദിവസങ്ങളും ഈ മാസം കൂടുതലാണ്. എന്നാൽ വഴി പരിചയമില്ലാത്തതും, കോടമഞ്ഞും അപകടങ്ങൾക്ക് കാരണമാകുന്നു. പരമാവധി വേഗം കുറച്ചും, വാഹനത്തിനു ലൈറ്റ് തെളിയിച്ചും യാത്ര ചെയ്യാൻ ശ്രദ്ധിക്കുക.