കൊല്ലം: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റവർക്ക് മൂന്നുവർഷത്തിനിപ്പുറം നഷ്ടപരിഹാരം വിധിച്ച് കോടതി ഉത്തരവ്. കൊല്ലം സ്വദേശിയായ അദ്ധ്യാപികയ്ക്കാണ് 1.1 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവായത്. ചങ്ങൻകുളങ്ങര വിവേകാനന്ദ എച്ച്എസ്എസ് അദ്ധ്യാപിക കരുനാഗപ്പള്ളി തഴവ തയ്യിൽ പടീറ്റതിൽ വീട്ടിൽ ഗീത.വി. ചെല്ലപ്പനാണു ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ, കാറിടിച്ചു ഗുരുതരമായി പരുക്കേറ്റത്. ചികിത്സ ചെലവും പലിശയും അടക്കമാണ് 1.1 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കൊല്ലം മോട്ടർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജി എസ്.ജയകുമാർ ജോൺ ഉത്തരവിട്ടത്.

2017 മാർച്ചിൽ വവ്വാക്കാവ് ആനന്ദ ജംക്ഷനിലായിരുന്നു അപകടം. ഗീതയും ഭർത്താവും സഞ്ചരിച്ചിരുന്ന ബൈക്കിൽ പിന്നിലെ എത്തിയ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഗീത ഏറെ നാൾ ചികിത്സയിലായിരുന്നു. ഹർജിക്കാർക്കു വേണ്ടി അഭിഭാഷകരായ കെ.ചന്ദ്രൻ പിള്ള, വി.ഉണ്ണികൃഷ്ണപിള്ള എന്നിവർ ഹാജരായി.