ലഖ്‌നോ: കേന്ദ്ര മന്ത്രിമാരുടെ വാഹനവ്യൂഹം കർഷക പ്രതിഷേധ വേദിയിലേക്ക് ഇടിച്ചുകയറി രണ്ടു മരണം. എട്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. സമരരംഗത്തുണ്ടായിരുന്ന കർഷകരാണ് മരിച്ചത്. ഉത്തർ പ്രദേശിലെ ലഖിംപൂർ ജില്ലയിലാണ് സംഭവം. ഇതേതുടർന്ന് സ്ഥലത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടു. പ്രദേശവാസികൾ വാഹനങ്ങൾക്ക് തീയിട്ടതായി ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.

ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെയും വാഹനവ്യൂഹമാണ് സമരവേദിയിലേക്ക് ഇടിച്ചുകയറിയത്. നേതാക്കളുടെ വാഹനം ഇടിച്ചുകയറ്റിയെന്ന് കർഷക സംഘടനകൾ ആരോപിച്ചു. ഈ പരിപാടിയിലേക്ക് വരുന്നതിനായി ഒരുക്കിയ ഹെലിപ്പാഡിന് സമീപത്താണ് കർഷകർ പ്രതിഷേധിച്ചത്. ഇതിനിടയിൽ വൻ തോതിൽ ഉന്തുംതള്ളുമുണ്ടായി.

അതിനിടെ മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ച് കയറുകയായിരുന്നെന്ന് കർഷകർ പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. കൂടുതൽ വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചതായും റിപ്പോർട്ടുകൽ ഉണ്ട്.