ദുബൈ: കഴിഞ്ഞ 48 മണിക്കൂറിനിടെ ദുബൈയിലുണ്ടായ അഞ്ച് വാഹനാപകടങ്ങളിൽ ആറ് പേർക്ക് പരിക്കേറ്റതായി ട്രാഫിക് പൊലീസ് ആക്ടിങ് ഡയറക്ടർ കേണൽ ജുമ സലീം ബിൻ സുവൈദാൻ അറിയിച്ചു. അപകടങ്ങളിൽ അധികവും ഗതാഗത നിയമലംഘനങ്ങൾ കാരണമായി സംഭവിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കാതിരിക്കുക, അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുക, അമിത വേഗത എന്നിവയാണ് പ്രധാനമായും അപകടങ്ങൾക്ക് കാരണമായത്.

അൽ യിലായിസ് റോഡിലായിരുന്നു ആദ്യ അപകടം. മറ്റൊരു അപകടത്തിൽ അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന കാൽനട യാത്രക്കാരന് മിനിവാൻ ഇടിച്ച് പരിക്കേറ്റു. ഇയാളുടെ പരിക്കുകൾ സാരമുള്ളതല്ല. അൽ ഖലീൽ റോഡിൽ ദുബൈ വാട്ടർ കനാൽ ബ്രിഡ്ജിലാണ് മൂന്നാമത്തെ അപകടമുണ്ടായത്. റോഡിൽ സുരക്ഷിതമായ അകലം പാലിക്കാതിരുന്ന മോട്ടോർസൈക്കിൾ ഡ്രൈവർ മുന്നിലുണ്ടായിരുന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശൈഖ് സായിദ് റോഡിൽ മറീന മാൾ എൻട്രൻസിന് സമീപം ഒരു ട്രക്ക്, മോട്ടോർ സൈക്കിളിലിടിച്ച് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബിസിനസ് ബേ ക്രോസിങ് ബ്രിഡ്ജിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും ഡ്രൈവർമാരിലൊരാൾക്ക് പരിക്കേറ്റു.