കൊച്ചി: കഥാപാത്ര വൈവിധ്യം കൊണ്ടു ബാഹുല്യം കൊണ്ടും മലയാള സിനിമ സമ്പന്നമായിരുന്ന ഒരു വർഷംകൂടിയാണ് കടന്നുപോയത്. 2021ലെ മികച്ച നടീനടന്മാരുടെ കണക്ക് എടുക്കുമ്പോഴും താരാധിപത്യം വഴിമാറുകയാണ്.

മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, നിവിൻ, ദിലീപ്, പൃഥ്വിരാജ്, മഞ്ജുവാര്യർ തുടങ്ങിയ താരങ്ങൾ ഒന്നും തന്നെ ഈ ലിസ്റ്റിലും ആദ്യ പത്തിൽ സ്ഥാനം പിടിക്കുന്നില്ല. സിനിമയുടെ സമസ്ത മേഖലകളിലും കാണുന്ന തലമുറമാറ്റം ഇവിടെയും കാണാം. നായകനെ വെല്ലുന്ന ഉപനായകന്മാരുടെ പ്രതിനായകന്മാരുടെയും വർഷം കൂടിയായിരുന്നു 2021. തിരമലയാളത്തെ പോയവർഷം ഞെട്ടിച്ച ചില വേഷങ്ങളിലൂടെ.

1. ഷൈൻ ടോം ചാക്കോ- കുറുപ്പ്

2021ലെ ഏറ്റവും മികച്ച വേഷപ്പകർച്ചകളിൽ ഒന്ന് കണ്ടത് കുറുപ്പിൽ ദുൽഖറെ ഞെട്ടിച്ചുകൊണ്ടുള്ള ഷൈൻ ടോ ചാക്കോയുടെ പ്രകടമായിരുന്നു. തല്ലാൻ പറഞ്ഞാൽ കൊല്ലുന്ന, കുറുപ്പിന്റെ ക്രൂരനായ അളിയൻ ഭാസിയുടെ ചേഷ്ഠകളും മാനറിസങ്ങളും ഒന്നുകാണണം. മദ്യപാനാസക്തിയും ക്രൂരതയും ചേർന്നുള്ള ആ കണ്ണുകളിലെ തിളക്കവും, പ്രത്യേക മോദിലെ ബീഡിവലിയുമൊക്കെയായി ശരിക്കും ഒരു മെത്തേഡ് ആക്റ്റർ. ഈ വർഷം ഇറങ്ങിയ ഷൈജു ഖാലിദിന്റെ ലൗവിലും അസാധ്യമായ പ്രകടനമാണ് ഈ നടൻ കാഴ്ചവെച്ചത്. ആദ്യ ചിത്രമായ ഗദ്ദാമ മുതലുള്ള ഷൈനിന്റെ വേഷങ്ങൾ ഫോളോ ചെയ്താൽ അറിയാം ഈ യുവ നടന്റെ കൊതിപ്പിക്കുന്ന റേഞ്ച്.

2 ഗുരു സോമസുന്ദരം - മിന്നൽ മുരളി

മിന്നൽ മുരളിയിലെ ഗുരു സോമസുന്ദരത്തിന്റെ പ്രകടനവും നായകൻ ടൊവീനോ തോമസിനെ കടത്തിവെട്ടുന്ന രീതിയിലായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയിൽ വരുന്നത്് ഈ ചിത്രത്തിലെ ഹീറോ ഗുരു ചെയ്ത കഥാപാത്രമായ ഷിബുവാണെന്നാണ്.
ആ ചിരി, കരച്ചിൽ, ഇടറിയ ശബ്ദം, മുഖത്ത് വിരിയുന്ന ഭാവങ്ങളുടെ സമുദ്രം , ഗുരു സോമസുന്ദരം എന്ന തമിഴ്നടൻ വിസ്മയം ആവുകയാണ്. 'നാട്ടുകാരെ ഓടിവായോ കടക്ക് തീപിടിേച്ചെ' എന്ന് പറയുന്ന ഒരൊറ്റ സീൻ മതി ഈ നടന്റെ ക്ലാസ് മനസ്സിലാക്കാൻ. നെറ്റ്ഫ്ളിക്സിലുടെ മിന്നൽ മുരളി പാൻ ഇന്ത്യൻ ഹിറ്റായതോടെ, ഗുരുവിന്റെ കഥാപാത്രം ദേശീയതലത്തിൽ മാത്രമല്ല, അന്തർ ദേശീയ തലത്തിൽവരെ ശ്രദ്ധിക്കപ്പെട്ടിരിക്കയാണ്.

3 ബാലു വർഗീസ് - ജാൻ എ മൻ

നമ്മൾ അധികവും കോമഡി വേഷങ്ങളിൽ മാത്രം കണ്ടിരുന്ന ബാലുവർഗീസ് എന്ന നടന്റെ വേറിട്ട മുഖമായിരുന്നു ജാൻ എ മൻ എന്ന, ഈ വർഷത്തെ എറ്റവും മികച്ച ചിത്രമായി പലരും വിലയിരുത്തിയ, സിനിമയിൽ കണ്ടത്. കള്ളുകുടിയനും, താന്തോന്നിയുമായ, സ്വന്തം അപ്പന്റെ മരണത്തിൽപോലും കുലുങ്ങാത്ത ഷേഡി കഥാപാത്രമായി വരുന്ന ബാലുവിന്റെ കഥപാത്രം അവസാനം പ്രേക്ഷകന്റെ കണ്ണു നിറയ്ക്കുന്നു. 2021ൽ ഇറങ്ങിയ സുരേഷ ആൻഡ് രമേഷ് എന്ന ചിത്രത്തിലും ബാലുവിന് ശ്രദ്ധേയമായ വേഷമായിരുന്നു.

4 സുമേഷ് മൂർ- കള

റോ എന്ന പക്കാ റോ അഭിനയം. അതായിരുന്നു 'കള' എന്ന ചിത്രത്തിലെ ടൊവീനോയുടെ പ്രതിനായകനായി എത്തുന്ന സുമേഷ് മൂറിന്റെ ആദിവാസി കഥപാത്രം. ഒരു മൃഗതുല്യമായ ചോദന കഥാപാത്ര ബിൽഡപ്പിൽ ഉണ്ടാക്കിയെടുക്കാൻ ഈ യുവ നടന് കഴിഞ്ഞിട്ടുണ്ട്. പല ഘട്ടങ്ങളിലും നായകനെ നിഷ്പ്രഭനാക്കുന്നു ഈ പ്രതിനായകൻ. 2019ൽ ഇറങ്ങിയ മമ്മൂട്ടി അതിഥിവേഷത്തിലെത്തിയ പതിനെട്ടാം പടിയിലുടെ അരങ്ങേറ്റം കുറിച്ച ഈ യുവ നടനിൽനിന്ന് മലയാളത്തിന് ഏറെ കിട്ടാനുണ്ട്. പക്ഷേ പൊളിറ്റിക്കൽ കറക്ട്നെസ്സിന്റെ അമിതമായ അസ്‌ക്യത ഈ നടന് ഭാരമാവുന്നുണ്ട്. 'കള'ക്ക്ശേഷം പൃഥീരാജിന്റെ കടുവയെന്ന ചിത്രത്തിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ, വെറുതെ ഇടികാള്ളാനില്ല എന്ന രീതിയിലാണത്രേ ഇയാൾ പ്രതികരിച്ചത്. കഥാപാത്രങ്ങളെ കഥാപാത്രങ്ങളായി മാത്രം കാണുകയാണ് വേണ്ടത്.

5 ബാബുരാജ് -ജോജി

'ഞങ്ങളുടെ അപ്പന്റെ മരണത്തെക്കുറിച്ച് അപവാദം പറഞ്ഞുനടക്കുന്നവരെ നിയമപരമായും കായികമായും നേരിടുമെന്ന' ആ ഒരു ഒറ്റ ഡയലോഗ് മതി ദിലീഷ്പോത്തന്റെ 'ജോജി'യിലെ ബാബുരാജിനെ പ്രേക്ഷകരുടെ അരുമയാക്കാൻ.ഹ്യൂമറും പവറും ഒരുമിച്ചുചേരുന്ന കഥാപാത്രങ്ങൾ വളരെ ബുദ്ധിമുട്ടാണ് അഭിനയിച്ച് ഫലിപ്പിക്കാൻ. അത് ബാബുരാജ് വളരെ വിദഗ്ധമായി ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറേക്കാലമായി നല്ല കഥാപാത്രങ്ങൾ കിട്ടാതിരുന്ന ബാബുരാജിന്, ശ്യാം പുഷ്‌ക്കരന്റെ രചനയിൽ കിട്ടിയ മികച്ച വേഷം തന്നെയാണ് ജോജി.

ജാഫർ ഇടുക്കി മുതൽ ആന്റണി വർഗീസ് വരെ

അതുപോലെ ചെറുതും വലുതുമായ ഒരുപാട് മികച്ച കഥാപാത്രങ്ങളെ മിഴിവോടെ അവതരിപ്പിക്കാൻ കഴിയുന്ന ഒരു കൂട്ടം നടന്മാർ മലയാളത്തിൽ ഉയർന്നുവരികയാണ്. ഇതിൽ ന്യൂജെൻ ശങ്കരാടിയെന്ന വിശേഷണമുള്ള ജാഫർ ഇടുക്കിയാണ് തൊട്ടതെല്ലാം പൊന്നാക്കിയത്. ചുരുളിയിലെ ആ ചാരായക്കാരനൊന്നും പ്രേക്ഷകരുടെ മനസ്സിൽനിന്ന് അത്ര പെട്ടൊന്നൊന്നും മായില്ല. അതുപോലെ കുരുതി എന്ന ചിത്രത്തിലെ മാമുക്കോയയുടെ പ്രകടനം. ക്ലൈമാക്സിനോട് അടുപ്പിച്ച് മാമുക്കോയ കൊലകൊല്ലിയാവുന്നുണ്ട്.

ഹോമിൽ കണ്ണു നിറയിപ്പിക്കുന്ന പ്രകടനം ആയിരുന്നു നടൻ ഇന്ദ്രൻസിന്റെത്. ഈ ചിത്രത്തിൽ ശ്രീനാഥ് ഭാസിയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ഭീമന്റെ വഴി എന്ന ചിത്രത്തിൽ, എക്സിക്യൂട്ടീവ് വേഷങ്ങളിൽനിന്ന് ഇറങ്ങിവന്ന് കളർലുങ്കിയൊക്കെ ഉടുത്ത് തനി നാടൻ ശൈലിയിൽ പൊളിക്കുകയായാണ് ,നടൻ ജിനു ജോസഫിന്റെ കൊസ്തേപ്പ് എന്ന കഥാപാത്രം. സ്ഥിരം വില്ലനിൽനിന്നുള്ള മോചനം ജിനു ആഘോഷമാക്കുന്നുണ്ട്. ഉടുമ്പിലെ സെന്തിൽ കൃഷ്ണ, ചുരളിയിലെ ഷാജീവനായ വിനയ്ഫോർട്ട്, വോൾഫിലെ ഇർഷാദ് എന്നിവരും പോയവർഷം മികച്ച പ്രകടനം കാഴ്ചവെച്ചവരാണ്.

വർഷാവസാനം ഇറങ്ങിയ അജഗജാന്തരത്തിലെ ആന്റണി വർഗീസിന്റെ പ്രകടനവും സൂപ്പർ ആയിരുന്നു. തീപാറുന്ന ആക്ഷൻ രംഗങ്ങൾ മലയാളത്തിൽ ഒരു പുതിയ ഹീറോ ഉയർന്നുവരുന്നതിന്റെ സൂചനയും നൽകുന്നു.

നടികളിൽ ഗ്രെയിസ് ആന്റണിയും സാനിയ ഇയ്യപ്പനും

നടന്മാർ വിലസുന്ന മലയാള സിനിമയിൽ ശക്തമായ നായികാ വേഷങ്ങൾ ഇത്തവണ ഉണ്ടായില്ല. മിക്ക സിനിമകളിലെയും നായികമാരെ ഓർക്കാൻ പോലും കഴിയുന്നില്ല. എന്നാൽ രണ്ട് മലയാള നടിമാർ തമിഴകത്ത് വെന്നിക്കൊടി പാറിച്ചത് മറക്കാൻ കഴിയില്ല. ജയ് ഭീമിലെ സെങ്കേനിയായി ഉള്ളുലയ്ക്കുന്ന പ്രകടനം നടത്തിയ ലിജോ മോൾ ജോസും, മാനാടിലുടെ കല്യാണി പ്രിയദർശനും. വരും ദിനങ്ങളിൽ ഇരുവരും മലയാള സിനിമയിലും കൂടുതൽ സജീവമാകുമെന്ന് പ്രതീക്ഷിക്കാം.

അജഗജാന്തരം പോലുള്ള സിനിമകളിൽ നായികമാർ തന്നെയില്ല. സീനിയർ വനിതാ താരങ്ങളുടെ പ്രകടനവും ഒട്ടും നന്നായിട്ടില്ല. ദൃശ്യം 2വിലെ ഓവർ മേക്കപ്പുള്ള മീനയും, മരക്കാറിലെ ഇത്തിരി കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കുന്ന പരുവത്തിലുള്ള മഞ്ജു വാര്യരെയും വെച്ച് അഡ്ജസ്റ്റ് ചെയ്യേണ്ട അവസ്ഥയാണ് വന്നുചേർന്നത്.
പക്ഷേ 2021ലെ മികച്ച നടിമാരുടെ ലിസ്റ്റ് എടുക്കാൻ പറഞ്ഞാൽ അത് ഇങ്ങനെയായിരിക്കും.

1. ഗ്രെയ്‌സ് ആന്റണി - കനകം കാമിനി കലഹം

പോയവർഷം കണ്ട ഏറ്റവും നല്ല പ്രകടനങ്ങളിൽ ഒന്നായിരുന്നു, നിവിൻപോളി നായകൻ ആയ കനകം കാമനി കലഹത്തിലെ ഗ്രെയ്സ് ആന്റണിയുടേത്. നർമ്മവും, കുശുമ്പും, രോഷവുമൊക്കെ മാറിമാറിവരുന്ന ഗ്രെയിസിന്റെ ഓൾറൗണ്ട് പ്രകടനം. കുമ്പളങ്ങി നൈറ്റ്സിലെ സൈക്കോ ഷമ്മിയുടെ ഭാര്യയായി കയറിവന്ന ഗ്രെയ്സ് ആന്റണി, ഒരു ഹലാൽ ലൗ സ്റ്റോറി എന്ന ചിത്രത്തിലും ഗംഭീരമായ പ്രകടനമാണ് കാഴ്ചവെച്ചത്.

2 സാനിയ ഇയ്യപ്പൻ - കൃഷ്ണൻകുട്ടി പണിതുടങ്ങി

മലയാള സിനിമ ഇനിയും വേണ്ട രീതിയിൽ ഉപയോഗിക്കാത്ത നടിയാണ് സാനിയ ഇയ്യപ്പൻ. 'കൃഷ്ണൻകുട്ടി പണി തുടങ്ങി' എന്ന ചിത്രം അധികം ആരും കണ്ടിട്ടില്ലെങ്കിലും ചിത്രത്തിലെ നായിക വേഷം സാനിയ തകർക്കുന്നുണ്ട്. ചിത്രം തുടങ്ങുമ്പോൾ കാണുന്ന നിസ്സഹായായ പെൺകുട്ടിയല്ല, കഥാന്ത്യത്തിലെ പ്രതികാരദാഹി. ആ ഒരു രൂപാന്തരണം സാനിയ ഗംഭീരമായി ചെയ്തിട്ടുണ്ട്.

3 ഉണ്ണിമായ- ജോജി

പുരുഷാധിപത്യവും, കുടുംബനാഥന്റെ തിരുവായ്ക്ക് എതിർവായില്ലാത്ത ഏകാധിപത്യവും നിറഞ്ഞ മധ്യതിരുവിതാംകൂറിലെ നസ്രാണി കുടുംബത്തിൽ, ജോജിയുടെ ക്രൈമുകൾക്ക് സാക്ഷിയാവുന്ന സഹോദരഭാര്യയുടെ വേഷം ഉണ്ണിമായ അസ്സലാക്കിയിട്ടുണ്ട്. ജോജിയുടെ കുറ്റകൃത്യങ്ങൾക്ക് കൂട്ടുപ്രതിയല്ലെങ്കിലും എല്ലാറ്റിനും നിശബ്ദസാക്ഷിയാണ് ഇവർ. അതിസങ്കീർണ്ണമായ ആ വേഷത്തെ ഒട്ടും പതറിച്ചയില്ലാതെ അവതരിപ്പിച്ചിരിക്കയാണ് ഉണ്ണിമായ. മികച്ച സപ്പോർട്ടിങ്ങ് ആക്ട്രസുകൾ കുറവായ മലയാള സിനിമയിൽ ഈ നടി ഒരു മുതൽക്കൂട്ടാണ്.

4 ശോഭിത ദുലിപാല - കുറുപ്പ്

കുറുപ്പിന്റെ കാമുകിയായും ഭാര്യയായും എത്തിയ ഉത്തരേന്ത്യൻതാരം ശോഭിത ദുലിപാലയാണ് പോയ വർഷത്തെ മികച്ച നടിമാരിൽ ഒരാൾ. സ്‌ക്രീൻ പ്രസൻസ് കുറവാണെങ്കിലും ഉള്ളരംഗങ്ങളിലെ ഫ്രഷ്നെസ്സ് ഒന്ന് വേറെയാണ്. ശോഭിത അനുരാഗ് കശ്യപ് ചിത്രം രാമൻ രാഘവ് 2.0 യിലൂടെയാണ് അഭിനയരംഗത്തേക്കെത്തിയത്. പിന്നീട് കാലാകാണ്ഡി, ഷെഫ്, ഗൂഡാചാരി എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടു. മൂത്തോൻ എന്ന ഗീതുമോഹൻദാസ് ചിത്രത്തിന്ശേഷം ഇത്് രണ്ടാം തവണയാണ് ഈ നടി മലയാളത്തിൽ എത്തുന്നത്. കെയറിങ്ങ് അല്ല നടിക്ക്വേണ്ടത് തുല്യതയാണെന്ന് , ദുൽഖറിനെ ഒപ്പമിരുന്നു ഒരു അഭിമുഖത്തിൽ തുറന്ന് അടിച്ച് പറഞ്ഞതും ശോഭിതയെ വൈറലാക്കി.

5. ശ്രുതി രാമചന്ദ്രൻ - മധുരം

ഞാൻ, പ്രേതം, സൺഡേ ഹോളിഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ശുത്രി രാമചന്ദ്രന്റെ കരിയർ ബെസ്റ്റ് എന്ന് വിളിക്കാവുന്ന ചിത്രമാണ്, അഹമ്മദ് കബീർ സംവിധാനം ചെയ്ത മുധുരം എന്ന ചിത്രത്തിലെ നായികാവേഷം. ചിത്രത്തിൽ നായകനായ ജോജു ജോർജ് അവതരിപ്പിച്ച സാബുവിന്റെ ജീവനായ ചിത്രയായി തിരശീലയിലെത്തുന്നത് ശ്രുതി രാമചന്ദ്രനാണ്. ജോജുവും ശ്രുതിയും തമ്മിലുള്ള റൊമാന്റിക് രംഗങ്ങൾ നൽകുന്ന ഫ്രഷ്നെസാണ് മധുരത്തിന്റെ 'മധുരം'. ഈയടുത്ത കാലത്തൊന്നും ഇത്രയും മനോഹരമായ പ്രണയരംഗങ്ങൾ സിനിമയിൽ സംഭവിച്ചിട്ടില്ല.

പൊതുവേ ശക്തമായ സ്ത്രീ കഥാപത്രങ്ങൾ ഇല്ലാതിരുന്ന വർഷം കൂടിയായിരുന്നു 2021. മൂന്ന് ചിത്രങ്ങളിൽ വേഷമിട്ട നിമഷ സജയനാണ് ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികയായത്. ഇതിൽ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലും, നായാട്ടിലും വേഷങ്ങൾ ശ്രദ്ധേയമായെങ്കിലും, മാലിക്കിലെ വയോധിക വേഷത്തിൽ പരിമിതകൾ പ്രകടമായിരുന്നു. ഹോമിൽ മഞ്ജുപിള്ളയും, മിന്നൽ മുരളിയിലെ നായിക പുതുമുഖ താരം ഫെമിന ജോർജും അടക്കമുള്ള ഏതാനും വനിതാ കഥാപാത്രങ്ങളും നന്നായിട്ടുണ്ട്.