കൊച്ചി: ട്രാൻസ്‌ജെൻഡർ സജ്ന ഷാജിക്ക് നൽകിയ വാക്ക് പാലിച്ച് നടൻ ജയസൂര്യ. സജ്‌നയുടെ ഹോട്ടലായ സജ്‌ന കിച്ചൺ ജയസൂര്യ ഉദ്ഘാടനം ചെയ്തു. ദൈവത്തിന് തുല്യം കാണുന്ന ജയേട്ടനാണ് ഞങ്ങൾക്ക് ഹോട്ടലെടുത്ത് തന്നത്. അതിന്റെ കടപ്പാടും നന്ദിയുമുണ്ട്. എന്റെ മുന്നിലെ ദൈവമെന്ന് പറയുന്നത്, ആപത്ഘട്ടത്തിലും പിടിച്ച് നിർത്തി പ്രശ്നങ്ങളൊക്കെ നേരിടാൻ തയ്യാറാവണം, എന്നാലെ ജീവിതത്തിൽ വിജയമുണ്ടാവു എന്ന് പറഞ്ഞ് കൂടെ നിന്ന ജയസൂര്യ സാറാണ്. എങ്ങിനെ നന്ദി പറയണം, ഈ കടപ്പാട് എങ്ങനെ വീട്ടണമെന്നൊന്നും എനിക്ക് അറിയില്ല. കാരണം എന്റെ ഏറ്റവും വലിയൊരു സ്വപ്നത്തിന് കൂട്ട് നിന്നു. അവസാനം വരെ പ്രതിസന്ധികളിലെല്ലാം തളരാതെ എന്നെ പിടിച്ച് നിർത്തി. ഒരു പാട് നന്ദിയുണ്ട്.'- സജ്‌ന പറഞ്ഞു.

വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തിയാണ് സജ്‌ന ഷാജി ജീവിക്കുന്നത്. ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ഫേസ്‌ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞതോടെയാണ് വിഷയം ശ്രദ്ധയിൽ പെട്ടത്. തങ്ങൾ തുടങ്ങിയ ബിരിയാണിക്കച്ചവടം ഒരു സംഘം തടയുകയാണെന്നും ജീവിക്കാൻ മറ്റു മാർഗമൊന്നുമില്ലെന്നുമാണ് എറണാകുളം സ്വദേശിയായ ഇവർ പറയുന്നത്. ആണും പെണ്ണും കെട്ടവരെന്ന് വിളിച്ച് ആക്ഷേപിച്ചതായും ഇവർ വീഡിയോയിൽ പറയുന്നു.

'150 ബിരിയാണിയും 20 ഊണും കൊണ്ട് ഇവിടെ നിന്ന് പോയതാണ്. ആകെ വിറ്റത് 20 ബിരിയാണി മാത്രമാണ്. ജീവിക്കാൻ സമ്മതിക്കില്ലെങ്കിൽ പിന്നെ ഞങ്ങൾ എന്തു ചെയ്യാനാണ്? കുറച്ചു ദിവസമായി ഞങ്ങളെ ഉപദ്രവിക്കുകയാണ് ഓപ്പോസിറ്റ് നിൽക്കുന്നവർ. ഉണ്ടായിരുന്നതൊക്കെ വിറ്റും പെറുക്കിയും കുടുക്ക വരെ പൊട്ടിച്ചുമാണ് ഞങ്ങൾ ബിരിയാണി കച്ചവടം തുടങ്ങിയത്,' സജന പറയുഞ്ഞു.

കൊച്ചി ഇരുമ്പനത്താണ് സജ്‌ന ബിരിയാണി വിൽപ്പന നടത്തുന്നത്. സമീപത്ത് കച്ചവടം നടത്തുന്നവർ ഇവരുമായി ബഹളം വെക്കുന്നതിന്റെ വീഡിയോയും ഇവർ പോസ്റ്റ് ചെയ്തിരുന്നു.

' നിങ്ങളൊക്കെ ചോദിക്കുമല്ലോ ജോലി എടുത്ത് ജീവിച്ചൂടെ എന്ന്, അന്തസ്സായി ജോലി ചെയ്യാൻ നിങ്ങളൊക്കെ സമ്മതിക്കാതെ പിന്നെ ഞങ്ങളൊക്കെ എന്താണ് ചെയ്യേണ്ടത്?,' സജന ഷാജി പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും കാര്യമുണ്ടായില്ലെന്നും തങ്ങൾക്ക് ബിരിയാണിക്കച്ചവടം നടത്താനാവുമോ എന്നാണ് പൊലീസ് ചോദിച്ചതെന്നും ഇവർ പറയുന്നു.

സജനയുടെ കഥ അറിഞ്ഞ് സഹായ വാ​ഗ്ദനവുമായി നടൻജയസൂര്യ എത്തുകയായിരുന്നു. ബിരിയാണിക്കട തുടങ്ങാൻ സാമ്പത്തികസഹായം നൽകും എന്നായിരുന്നു താരത്തിന്റെവാ​ഗ്ദാനം. ഇപ്പോഴിതാ ഹോട്ടലും ഇട്ട് അതിന്റെ ഉ​ദ്ഘാടനവും നിർവ​​​ഹിച്ചിരിക്കുകയാണ് താരം.