കർഷക പ്രക്ഷോഭം ശക്തമാകുമ്പോഴും കേരളത്തിൽ സ്വർണക്കടത്തും ‘വമ്പൻ സ്രാവിനെ' പിടിക്കലും ചർച്ചയാരുന്നതിനെതിരെ നടൻ ജോയ് മാത്യു. ഫേസ്‌ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റിൽ കേരള സർക്കാരിനെ നിരന്തരം വിമർശിക്കുന്ന കോൺഗ്രസിനെയും അദ്ദേഹം വിമർശിക്കുന്നുണ്ട്. പാലം വിഴുങ്ങികൾക്ക് സ്വർണം വിഴുങ്ങികളെ കുറ്റം പറയാൻ എന്തവകാശം എന്നാണ് അദ്ദേഹം ചോദിച്ചത്.

‘ഡിസംബറിലെ ഡൽഹിയിലെ തണുപ്പ് അനുഭവിച്ചവർക്കേ അറിയൂ. ആ തണുപ്പിലാണ് മണ്ണിൽ പണിയെടുക്കുന്ന കർഷകർ കൂടും കുടുംബവും വിട്ട് വിശന്നും തളർന്നും ജലപീരങ്കികളും വെടിയുണ്ടകൾക്കും മുന്നിൽ ജീവൻ പണയം വെച്ചു സമരം ചെയ്യുമ്പോൾ -അതും ഈ കൊറോണക്കാലത്ത് -നമ്മൾ ചാനലിൽ ഇരുന്നു വമ്പൻ സ്രാവിനെ പിടിക്കുന്ന ചർച്ചകളിൽ അഭിരമിക്കുന്നു! മാറാരോഗം കണ്ടുപിടിക്കാൻ ശ്രമിക്കുന്നു!
നാണം വേണം നാണം,' ജോയ് മാത്യു ഫേസ്‌ബുക്കിലെഴുതി.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സ്വർണം ആരെങ്കിലും കടത്തട്ടെ. വമ്പൻ സ്രാവുകളുടെ പേരുകൾ ആർക്ക് വേണം! മുദ്രവെച്ച കവറിനുള്ളിൽ അവർ കിടന്ന് ശ്വാസം മുട്ടട്ടെ.
അതിനേക്കാൾ വമ്പന്മാർ മുദ്രവെക്കാത്ത കവറിൽ പുറത്ത് വിലസുന്നു.
പാലം വിഴുങ്ങികൾക്ക് സ്വർണം വിഴുങ്ങികളെ കുറ്റം പറയാൻ എന്തവകാശം? അതിനാൽ അത് വിട്.

ഡിസംബറിലെ ഡൽ​​ഹിയിലെ തണുപ്പ് അനുഭവിച്ചവർക്കേ അറിയൂ. ആ തണുപ്പിൽ മണ്ണിൽ പണിയെടുക്കുന്ന കർഷകർ
കൂടും കുടുംബവും വിട്ട്, വിശന്നും തളർന്നും, ജലപീരങ്കികളും വെടിയുണ്ടകൾക്കും മുന്നിൽ ജീവൻ പണയം വെച്ചു സമരം ചെയ്യുമ്പോൾ -അതും ഈ കൊറോണക്കാലത്ത് -നമ്മൾ ചാനലിൽ ഇരുന്നു വമ്പൻ സ്രാവിനെ പിടിക്കുന്ന ചർച്ചകളിൽ അഭിരമിക്കുന്നു !
മാറാരോഗം കണ്ടുപിടിക്കാൻ ശ്രമിക്കുന്നു !
നാണം വേണം നാണം .