കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സെഷൻസ് കോടതി പുറപ്പെടുവിച്ച രഹസ്യ വിചാരണ മാർഗ നിർദേശങ്ങൾ മാധ്യമങ്ങൾ ലംഘിച്ചോ എന്നു പരിശോധിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി ഹൈക്കോടതി. കേസിന്റെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ നടൻ ദിലീപ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. നിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കുന്നതിനു മാറ്റിവച്ചു.

സുപ്രീം കോടതി, ഹൈക്കോടതി വിധികൾക്ക് എതിരാണ് ഇപ്പോൾ നടക്കുന്ന മാധ്യമ വിചാരണയെന്നായിരുന്നു ദിലീപിന്റെ വാദം.. നടി ആക്രമിക്കപ്പെട്ടെന്ന കേസിന്റെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് സെഷൻസ് കോടതി ഉത്തരവിന്റെ ലംഘനമായതിനാൽ ഇതു കർശനമായി വിലക്കണം. മാധ്യമ വിചാരണ നടത്തി ജനവികാരം തനിക്കെതിരാക്കാനാണു ശ്രമം. കേസ് വിചാരണ അട്ടിമറിക്കാനും ശ്രമിക്കുകയാണ്. വിചാരണ നടപടികൾ പൂർത്തിയാകും വരെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതു തടയണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടു.

അതേസമയം ഈ ആവശ്യം പരിഗണിക്കേണ്ടതു വിചാരണക്കോടതിയാണെന്നായിരുന്നു സർക്കാർ വാദം. അവിടെ പ്രോസിക്യൂഷൻ പോലും ഇല്ല എന്നായിരുന്നു ദിലീപിന്റെ അഭിഭാഷന്റെ മറുപടി.

ദിലീപ് നൽകിയ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. നിസാര കാര്യങ്ങളാണ് ഹർജിക്കാരൻ ഉന്നയിക്കുന്നത്. മാധ്യമ റിപ്പോർട്ടുകളെ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ വിചാരണ കോടതിയെയാണ് പരാതിക്കാരൻ ആദ്യം സമീപിക്കേണ്ടതെന്നും പ്രോസിക്യൂട്ടർ വാദിച്ചു. കേസിന്റെ വിചാരണയുടെ എല്ലാ കാര്യങ്ങളും മാധ്യമങ്ങളിൽ വരുന്നുവെന്നും ഇത് വിലക്കണമെന്നുമാണ് ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്.

മാധ്യമ വിചാരണയ്ക്ക് വഴിയൊരുക്കുംവിധം കേസിന്റെ വിവരങ്ങൾ ചോരുന്നില്ലെന്ന് ഉറപ്പാക്കാൻ വിചാരണക്കോടതി 2018 ജനുവരി 17ന് അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയിരുന്നു. വിചാരണ നടപടികൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതു തടഞ്ഞ് 2020 മാർച്ച് 19ന് ഉത്തരവും നൽകി. ഇതു ലംഘിച്ച് മാധ്യമങ്ങൾ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ പ്രസിദ്ധീകരിച്ചുവെന്നും ഇതിനെതിരെ നടപടി വേണമെന്നുമാണ് ദിലീപിന്റെ ഹരജിയിലെ ആവശ്യം.

അതേ സമയം നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. വെള്ളിയാഴ്ചയിലേക്കാണ് മാറ്റിയത്. പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.

ദിലീപ് സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരാജ്, വിഐപി എന്നിവർ ഉൾപ്പെടെ ആറ് പേരാണ് ഗൂഢാലോചന കേസിലെ പ്രതികൾ.അറസ്റ്റിൽ നിന്നുള്ള സംരക്ഷണം വെള്ളിയാഴ്ച വരെ തുടരും. ആറ് പ്രതികളുടെ അറസ്റ്റിനുള്ള വിലക്കും വെള്ളിയാഴ്ച വരെ തുടരും. ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഇന്നലെ ദിലീപിന്റെ സഹോദരി ഭർത്താവിന്റെ വീട്ടിലും, ശരത്ത് എന്ന സുഹൃത്തിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് അനുബന്ധ തെളിവുകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രോസിക്യൂഷൻ ഇപ്പോൾ നടത്തിയിരിക്കുന്ന നീക്കമെന്നാണ് വിലയിരുത്തൽ. അതേസമയം, പുതിയ വെളിയപ്പെടുത്തലുകളിൽ പൾസർ സുനിയുടെ മൊഴിയെടുക്കും. ഇതിനായി അനുമതി തേടി അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. പൾസർ സുനി അമ്മയ്ക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയും അന്വേഷണ സംഘം ശേഖരിക്കും.ണ്ട്.