മുംബൈ; ടിവി ഷോ നിർമ്മാതാവും നടിയുമായ മഞ്ജു സിങ് അന്തരിച്ചു. മുംബൈയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. ഗാനരചയിതാവും തിപക്കഥാകൃത്തുമായ സ്വാനന്ദ് കിർകിറെയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. മഞ്ജുവുമായുള്ള ഓർമകൾ പങ്കുവച്ചുകൊണ്ടായിരുന്നു ദുഃഖവാർത്ത ആരാധകരെ അറിയിച്ചത്.

ഹിന്ദി ടെലിവിഷൻ രംഗത്തെ നിറസാന്നിധ്യമായിരുന്നു മഞ്ജു. സ്വരാജ്, ഏക് കഹാനി, ഷോ ടൈം തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ഷോകളാണ് മഞ്ജു സിങ് ഒരുക്കിയത്. കൂടാതെ ഖേൽ ഖിലോനെ എന്ന പരിപാടിയുടെ അവതാരകയായും എത്തിയിട്ടുണ്ട്. ഏഴ് വർഷത്തോളമാണ് മഞ്ജു ഷോ കൊണ്ടുപോയത്. ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരത്തെ ദീദി എന്നാണ് സ്നേഹത്തോടെ വിളിച്ചിരുന്നത്.

ടെലിവിഷൻ രംഗത്തുമാത്രമല്ല സിനിമയിലും മഞ്ജു ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. ഹൃഷികേശ് മുഖർജി സംവിധാനം ചെയ്ത ഗോൽ മാൽ എന്ന ചിത്രത്തിൽ രത്ന എന്ന കഥാപാത്രമായാണ് മഞ്ജു അഭിനയിച്ചത്. ഹാൻകി പോൻകി, ലേഡീസ് ടെയ്ലർ, സ്‌ക്രീൻ ടു തുടങ്ങിയ നിരവധി സിനിമകളിലും വേഷമിട്ടു. സിനിമ ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്തു 2015ൽ മഞ്ജുവിനെ സെൻട്രൽ അഡൈ്വസറി ബോർഡ് ഓഫ് എജ്യൂക്കേഷന്റെ മെമ്പറായി നാമനിർദ്ദേശം ചെയ്തിരുന്നു. സിനിമ ടെലിവിഷൻ രംഗത്തെ നിരവധി പ്രമുഖരാണ് മഞ്ജു സിങ്ങിന് ആദരാജ്ഞലി അർപ്പിച്ചിരിക്കുന്നത്.