ഹൈദരാബാദ്: വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്ന തരത്തിൽ വ്യാജപ്രചാരണം നടത്തിയവർക്കെതിരേ നിയമ നടപടിയുമായി തെന്നിന്ത്യൻ താരം സാമന്ത. സുമൻ ടിവി, തെലുങ്ക് പോപ്പുലർ ടിവി, ചില യൂട്യൂബ് ചാനലുകൾ എന്നിവയ്ക്ക് എതിരെയാണ് സാമന്തയുടെ കേസ്.

വെങ്കിട്ട് റാവു എന്ന അഭിഭാഷകനെതിരെയും സാമന്ത കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമന്തയുടെ വിവാഹ ജീവിതത്തെ കുറിച്ച് മോശമായി സംസാരിക്കുകയും താരത്തിന് പ്രണയ ബന്ധമുണ്ടായിരുന്നെന്ന് പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെയാണ് കേസ്.

അകിനേനി കുടുംബവുമായി തനിക്ക് ബന്ധമുണ്ടെന്ന് അവകാശപ്പെട്ട വെങ്കട് റാവു സാമന്തയ്ക്കെതിരേ വീഡിയോയുമായി രംഗത്ത് വന്നിരുന്നു. നാഗചൈതന്യ നല്ല വ്യക്തിയാണെന്നും എന്നാൽ സാമന്ത, അകിനേനി കുടുംബത്തിന് ചേരുന്ന പെൺകുട്ടി അല്ലെന്നും വെങ്കട് റാവു വീഡിയോയിൽ പറഞ്ഞിരുന്നു.

സുമൻ ടിവി എന്ന യൂട്യൂബ് ചാനലും സമാനമായ ആരോപണങ്ങളാണ് താരത്തിനെതിരേ ഉയർത്തിയത്. ഇരുവർക്കുമേതിരേ സാമന്ത വക്കീൽ നോട്ടീസ് അയച്ചുവെന്ന് തെലുങ്ക് ഐഎൻഎസ് റിപ്പോർട്ട് ചെയ്തു.

2018 ലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. മൂന്ന് വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നുവെന്ന് ഈ മാസമാദ്യമാണ് ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സാമന്തക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് നടന്നത്. ഇവയ്‌ക്കെതിരെ താരം രംഗത്തെത്തുകയും ചെയ്തിരുന്നു.

'വ്യക്തിപരമായ ഒരു വിഷമഘട്ടത്തിൽ നിങ്ങൾ വൈകാരികമായി ഒപ്പം നിന്നത് എന്നെ ഏറെ സ്വാധീനിച്ചു. ആഴത്തിലുള്ള അനുതാപവും കരുതലും പ്രകടിപ്പിച്ചതിനും തെറ്റായ പ്രചരണങ്ങൾക്കെതിരെ എന്നെ പ്രതിരോധിച്ചതിനും എല്ലാവർക്കും നന്ദി. എനിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അവർ പറയുന്നത്. എനിക്ക് കുട്ടികളെ ആവശ്യമില്ലായിരുന്നുവെന്നും ഞാനൊരു അവസരവാദിയാണെന്നും പറയുന്നു. ഞാൻ അബോർഷനുകൾ നടത്തിയെന്നും ഇപ്പോൾ ആരോപിക്കുന്നു. ഒരു ഡിവോഴ്‌സ് എന്നതുതന്നെ വേദനയേറിയ ഒരു നടപടിയാണ്. മുറിവുണക്കാൻ എനിക്കൽപ്പം സമയം അനുവദിക്കുക. എനിക്കു നേരെയുള്ള വ്യക്തിപരമായ ആക്രമണം മുൻപേ ഉള്ളതാണ്. പക്ഷേ ഞാൻ നിങ്ങൾക്ക് ഉറപ്പു തരുന്നു, ഇതോ ഇനി അവർ പറയാനിരിക്കുന്ന മറ്റെന്തെങ്കിലുമോ ഞാൻ അനുവദിച്ചുകൊടുക്കില്ല. എന്നെ തകർക്കട്ടെ', എന്നാണ് സാമന്ത പ്രതികരിച്ചിരുന്നത്.