തിരുവനന്തപുരം: അർബുദത്തെ അതിജീവിച്ചുവന്ന മലയാളികളുടെ പ്രിയപ്പെട്ട താരം ശരണ്യ ശശി വീണ്ടും രോഗബാധിതയെന്ന് റിപ്പോർട്ടുകൾ. ശരണ്യയ്ക്ക് വീണ്ടും ട്യൂമർ ബാധിച്ചിരുന്നു. ഇതേ തുടർന്ന് ചികിത്സയിലായിരുന്നു താരം.

പലതവണ കീമോ തെറാപ്പി നടത്തിയെന്നും വീണ്ടും കീമോ തുടങ്ങാനിരിക്കെ ശരണ്യക്ക് കോവിഡും ബാധിച്ചെന്നും സുഹൃത്തും നടിയുമായ സീമാ ജി നായർ പറയുന്നു. ശരണ്യയുടെ അമ്മയ്ക്കും സഹോദരനും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

പതിനൊന്നാമത്തെ സർജറി കഴിഞ്ഞതോടെയാണ് ശരണ്യക്ക് വീണ്ടും പ്രശ്നങ്ങളുണ്ടായത്. സ്പൈനൽ കോഡിലേക്ക് അസുഖം വ്യാപിച്ചിരുന്നു. എന്നാൽ പെട്ടെന്ന് സർജറി നടത്താൻ കഴിയുമായിരുന്നില്ല. ഇതേ തുടർന്ന് ശരണ്യയെ ആർസിസിയിലേക്ക് കൊണ്ടു വന്നു. അടുത്ത മാസം കീമോ ആരംഭിക്കാനിരിക്കയെയാണ് ശരണ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശരണ്യ ഇപ്പോഴുള്ളതെന്നും സീമ ജി നായർ വീഡിയോയിൽ പറയുന്നു. ഒരുപാട് കടമ്പകൾ ഇനിയുമുണ്ടെന്നും എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും അവർ പറഞ്ഞു.