തിരുവനന്തപുരം: അർബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനമേകിയ നന്ദു മഹാദേവയുടെ പിറന്നാൾ ദിനമാണ് ഇന്ന്. ഈ അവസരത്തിൽ നന്ദുവുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന നടി സീമ ജി നായർ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.

നന്ദുവിന്റെ മരണത്തിന്റെ വേദനയിൽ നിന്നും ഇനിയും തനിക്ക് മുക്തയാവാൻ സാധിച്ചിട്ടില്ലെന്ന് സീമ പറയുന്നു. മകനെ പോലെ ആയിരുന്നു നന്ദുവിനെ സീമ കണ്ടിരുന്നത്. 'ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയരുത് ജ്വലിക്കണം' എന്ന നന്ദുവിന്റെ വാക്കുകൾ ഓർമിപ്പിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. പലപ്പോളും പിടിച്ചു നിൽക്കുന്നത് ആ വാക്കുകളുടെ കരുത്തു കൊണ്ടാണെന്നും ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

സീമ ജി നായരുടെ കുറിപ്പ്:

ഇന്ന് സെപ്റ്റംബർ 4.. ഞങ്ങളുടെ പ്രിയ നന്ദുട്ടന്റെ ജന്മദിനം.. അവൻ പോയിട്ട് 4 മാസങ്ങൾ ആവുന്നു.. നീ പോയതിനു ശേഷമുള്ള ആദ്യത്തെ പിറന്നാൾ ദിനം.. അറിയാത്ത ഏതോ ലോകത്തിരുന്ന് (അല്ല,ഈശ്വരന്റെ തൊട്ടടുത്തിരുന്നു) പിറന്നാൾ ആഘോഷത്തിന്റെ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടാവും.. മോനെ നീ പോയതിന്റെ വേദനയുടെ ആഴത്തിൽ നിന്നും ഇതുവരെ മോചിതരാവാൻ സാധിച്ചിട്ടില്ല.

എത്ര വേദനകൾ സഹിക്കുമ്പോളും വേദനയാൽ നിന്റെ ശരീരം വലിഞ്ഞു മുറുകുമ്പോളും നിന്റെ പുഞ്ചിരിക്കുന്ന മുഖമേ ഞങ്ങൾ കണ്ടിട്ടുള്ളു.. നിന്നെ സ്നേഹിച്ചവർക്കെല്ലാം വേദനകൾ സമ്മാനിച്ച് വേദനയില്ലാത്ത ലോകത്തേക്ക് നീ പറന്നകന്നപ്പോൾ ഞങ്ങൾ വേദനകൊണ്ട് തളരുകയായിരുന്നു.

പലപ്പോളും പിടിച്ചു നിൽക്കുന്നത് നിന്റെ ചില വാക്കുകളുടെ കരുത്തു കൊണ്ടാണ്. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയരുത് ജ്വലിക്കണം. എന്റെ പ്രിയപ്പെട്ട മോന് യശോദമ്മയുടെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.