കോട്ടയം : ചലച്ചിത്ര സീരിയൽ നടി ശ്രീലക്ഷ്മി (രജനി) അന്തരിച്ചു. 38 വയസ്സായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ചെല്ലപ്പൻ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തിൽ നൃത്തം അഭ്യസിച്ച് ശ്രീലക്ഷ്മി അരങ്ങേറ്റം കുറിച്ചു. തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്തകലാലയത്തിൽ വിവിധ ബാലേകളിൽ ശ്രദ്ധേയമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അർധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020ലെ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. സചിവോത്തമപുരം യുവരശ്മി ലൈബ്രറി മികച്ച കലാകാരിക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. വിനോദാണ് ഭർത്താവ്. രണ്ടുമക്കളുണ്ട്.