ന്യൂഡൽഹി: വാക്സിനേഷനിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച സെറം ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടിവ് ഡയറക്ടർ സുരേഷ് ജാദവിനെ തള്ളി കമ്പനി. സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഒരേയൊരു വക്താവ് മാത്രമാണുള്ളതെന്നും അത് സിഇഒ അദാർ പൂനാവാലയാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

അദാർ പൂനാവാലയ്ക്കായി സെറം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ പ്രകാശ് കുമാർ സിംഗാണ് ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചത്. സുരേഷ് ജാദവിന്റെ പരാമർശത്തിൽ കമ്പനിക്ക് പങ്കില്ലെന്നും കത്തിൽ പറയുന്നു.

കൊവിഷീൽഡ് ഉത്പാദനത്തിന്റെ വേഗത കമ്പനി വർധിപ്പിച്ചിട്ടുണ്ടെന്നും കോവിഡ് 19 നെതിരായി സർക്കാർ നടത്തുന്ന പോരാട്ടത്തിൽ സെറം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുമെന്നും കത്തിൽ പറഞ്ഞു.

നേരത്തെ രാജ്യത്തെ വാക്സിനുകളുടെ ലഭ്യത മനസിലാക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ പ്രായക്കാർക്കും വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചതെന്ന് സുരേഷ് ജാദവ് പറഞ്ഞിരുന്നു.