പെരുമ്പാവൂർ: അമ്മയോട് അപമര്യാദയായി പെരുമാറിയത് ആദിൽഷാ ചോദ്യം ചെയ്തത് പ്രകോപനമായി. ഇതെച്ചൊല്ലി മൂന്നുമാസത്തിനുള്ളിൽ ഇയാളും നിസ്സാറും തമ്മിൽ നിരവധി തവണ വാക്കുതർക്കവും ഏറ്റമുട്ടലുമുണ്ടായി. തല്ലുകിട്ടിയതിന് പകരം വീട്ടാൻ നിസ്സാർ പുറപ്പെട്ടത് സർവ്വസന്നാഹങ്ങളുമായി. നെഞ്ചിൽ വെടിയേറ്റ ആദിലിന്റെ ജീവൻ രക്ഷപെട്ടത് തലനാഴിക്ക്.

നാടിനെ നടുക്കിയ പെരുമ്പാവൂർ വെടിവയ്‌പ്പ് കേസ്സിനെക്കുറിച്ചുള്ള പ്രാഥമിക തെളിവെടുപ്പിൽ പൊലീസിന് ലഭിച്ച് വിവരങ്ങൾ ഇങ്ങിനെ. ഇന്നലെ ഈ കേസ്സിൽ പ്രധാന പ്രതി വെങ്ങോല തണ്ടേക്കാട് ഭാഗത്ത് മഠത്തുംപടി നിസ്സാർ (33)സഹോദരൻ സഫീർ (27) വേങ്ങൂർ ഭഗവതി ക്ഷേത്രത്തിന് സമീപം മാഞ്ഞൂരാൻ വീട്ടിൽ നിധിൻ (27)വെങ്ങോല തണ്ടേക്കാട് പുത്തൻവീട്ടിൽ അൽത്താഫ്(23) കൊടുത്താൻ വീട്ടിൽ ആഷിക് (25) എന്നിവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

വെടിയേറ്റ തണ്ടേക്കാട് സ്വദേശി ആദിൽഷാ അപകടനില തരണം ചെയ്തെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. ആദിലിന്റെ സുഹൃത്ത് അൻസിലിന്റെ മൊഴിപ്രകാരമാണ് പൊലീസ് സംഭവത്തിൽ കേസ്സ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അറസ്റ്റിലായവരും പരിക്കേറ്റ് ചികത്സയിൽക്കഴിയുന്ന ആദിലും ഒരേ നാട്ടുകാരും പരസ്പരം അറിയാവുന്നവരുമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

വെടിയുതിർത്ത നിസ്സാറും ആദിൽഷായും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇടക്കാലത്ത് ആദിൽ ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഈ സമയം ഇവിടെ പൊലീസ് കേസ്സിൽപ്പെട്ട് ജയിലിലായി. ഈയവസരത്തിൽ പണം മുടക്കി കേസ്സു നടത്താനും ആദിലിനെ നാട്ടിലെത്തിക്കാനും നിസ്സാറാണ് മുൻപന്തിയിലുണ്ടായിരുന്നത്. ഇതുവഴി ആദിൽഷയുടെ ഉറ്റബന്ധുക്കടക്കം കുടുംബാംഗങ്ങളുമായി കൂടതൽ അടുത്തിടപഴകുന്നതിന് നിസ്സാറിന് അവസരം ലഭിച്ചിരുന്നു.

ഇങ്ങിനെയിരിക്കെ നാട്ടിലെത്തിയശേഷം ഒരു ദിവസം ഇവർ തമ്മിൽ തർക്കവും അടിപിടിയുമുണ്ടായി. തന്റെ മാതാവിനോട് അപമര്യാദയായി പെരുമാറിയതിനാലാണ് നിസാറുമായി താൻ വഴക്കുണ്ടാക്കിയതെന്ന് അന്ന് ആദിൽ സുഹൃത്തുക്കളോട് വ്യക്തമാക്കിയിരുന്നു. പിന്നീടും നിരവധി തവണ ഇവർ തമ്മിൽ നിരവധി തവണ കൊമ്പുകോർത്തിരുന്നു എന്നാണ് പുറമെ പ്രചരിക്കുന്ന വിവരം. എന്നാൽ ഇത് സംബന്ധിച്ച് പൊലീസിൽ ഇരുഭാഗത്തുനിന്നും പരാതി എത്തിയിരുന്നില്ല.

നാട്ടിൽ ക്രഷർ നടത്തിപ്പിൽ പങ്കാളിത്തമുണ്ടായിരുന്ന നിസ്സാർ ഇപ്പോൾ ഇത് ഉപേക്ഷിച്ച് തമിഴ്‌നാട്ടിൽ ക്വാറി നടത്തിവരികയാണെന്നാണ് സൂചന. ഇയാൾക്ക് കാര്യമായ ക്രമിനൽ പശ്ചാത്തലമില്ലന്നാണ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. നിസ്സാറിന് പിസ്റ്റൾ എവിടെ നിന്നു ലഭിച്ചു എന്നകാര്യത്തിൽ ഇനിയും വ്യക്തതയായിട്ടില്ല. സംഭവ സ്ഥലത്തുനിന്നും മെറ്റൽക്കൂനയിൽ ഒളിപ്പിച്ച നിലയിൽ വടിവാൾ പൊലീസ് കണ്ടെടുത്തിരുന്നു. ആശുപത്രിയിൽക്കഴിയുന്ന ആദിൽഷായുടെ മൊഴിയെടുത്താലെ സംഭവത്തെക്കുറിച്ച് കൂടുതലെന്തെങ്കിലും പറയാൻ കഴിയുന്ന എന്നാണ് പൊലീസ് നിലപാട്.

പാതിരാത്രിയിൽ പാതയോരത്തുനടന്ന ആക്രമണവും വെടിവയ്‌പ്പും അക്ഷരാർത്ഥത്തിൽ നാട്ടുകാരെ ഞെട്ടിച്ചിരുന്നു.ആലുവ റുുറൽ എസ് പി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്.